അപൂര്‍വ രോഗം ബാധിച്ച യുവാവിനായി നാട് ഒന്നിച്ചു; ഒരു ദിവസം കൊണ്ട് സമാഹരിച്ചത് അഞ്ചര ലക്ഷം രൂപ
1459665
Tuesday, October 8, 2024 6:46 AM IST
നെടുങ്കണ്ടം: തലച്ചോറിലേക്കുള്ള ഞരമ്പില്‍ കുമിളകള്‍ രൂപപ്പെട്ട് പൊട്ടുന്ന അപൂര്‍വ രോഗം ബാധിച്ച യുവാവിന്റെ ചികിത്സയ്ക്കായി നാട് കൈകോര്‍ത്തപ്പോള്‍ ഒരു ദിവസം കൊണ്ട് സമാഹരിച്ചത് അഞ്ചര ലക്ഷം രൂപ.
നോണ്‍ സ്റ്റോപ്പ് ഗാനമേള, ജനകീയ ലേലം, വിവിധ മത്സരങ്ങള്‍, ആക്രി ചലഞ്ച്, മറ്റു സംഭാവനകള്‍ തുടങ്ങിയവയിലൂടെയാണ് ഈ തുക സമാഹരിച്ചത്. താന്നിമൂട് കോയിക്കേരി വടക്കേതില്‍ ടിജിന് തോമസിനായാണ് ചികിത്സാസഹായ സമിതിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്.
ടിജിന്റെ ഓപ്പറേഷനുവേണ്ടി മാത്രം 20 ലക്ഷത്തോളം രൂപയാണ് ആവശ്യം. ഈ തുക കണ്ടെത്തുന്നതിനായാണ് ഗാനമേളയും മറ്റു പരിപാടികളും സംഘടിപ്പിച്ചത്.
നെടുങ്കണ്ടം പടിഞ്ഞാറേക്കവലയില്‍ ഞായറാഴ്ച രാവിലെ ഒമ്പതു മുതല്‍ വോയിസ് ഓഫ് ഇടുക്കിയുടെ 25ഓളം കലാകാരന്മാര് നടത്തിയ ഗാനമേളയ്ക്കിടെ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ബക്കറ്റ് പിരിവിലൂടെ 1,35,065 രൂപ ലഭിച്ചു. വൈകുന്നേരം താന്നിമൂട് നവയുഗ ക്ലബ് സംഭാവന നല്കിയ പോത്തിനെ ലേലം ചെയ്തതിലൂടെ 2,10,000 രൂപയും ലഭിച്ചു. വൈകുന്നേരം ആറിന് ആരംഭിച്ച ലേലം രാത്രി 12ഓടെയാണ് സമാപിച്ചത്.
കനത്ത മഴയ്ക്കിടയിലും വലിയ ആവേശത്തോടെയാണ് പ്രദേശവാസികള്‍ ലേലത്തില്‍ പങ്കെടുത്തത്. രണ്ടു കോഴികളെ ലേലം ചെയ്തതിലൂടെ 44,000 രൂപയും ലോട്ടറി ലേലത്തിലൂടെ 8,400 രൂപയും സ്റ്റൗ ലേലം ചെയ്തതിലൂടെ 2,500 രൂപയും ലഭിച്ചു.
ഇതിനിടെ താന്നിമൂട് ടര്‍ഫ് കോര്‍ട്ടില്‍ ഈഗിള്‍ ക്രിക്കറ്റ് ടീം നടത്തിയ മത്സരത്തിലൂടെ ലഭിച്ച 26,300 രൂപയും, ടെന്നീസ് ക്രിക്കറ്റ് ക്ലബ് സംഭാവന നല്കിയ 20,000 രൂപയും ചുമട്ടുതൊഴിലാളികളുടെ സംഭാവനയായി 5,000 രൂപയും സഹായ സമിതി ഭാരവാഹികള്‍ക്ക് കൈമാറി.
ഒരാഴ്ചയായി താന്നിമൂട് നവയുഗ ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ ടിജിന്റെ ചികിത്സയ്ക്കായി ആക്രിച്ചലഞ്ച്, കപ്പ വില്‍പ്പന തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
ഇതിലൂടെ ലഭിച്ച 1,00,000 രൂപയും കൈമാറി. 5,51,265 രൂപയാണ് ഞായറാഴ്ച നടത്തിയ വിവിധ പരിപാടികളിലൂടെ ടിജിന് ചികിത്സാ സഹായ സമിതിക്ക് ലഭിച്ചത്.
ഗാനമേള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ജയകുമാറും ജനകീയ ലേലം മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ആര്. സുരേഷും ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, സഹായസമിതി ഭാരവാഹികള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍, ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നല്കി.