ശങ്കരപ്പിള്ളി അപകടവളവിൽ വീണ്ടും അപകടം
1459370
Monday, October 7, 2024 2:55 AM IST
മുട്ടം: സ്ഥിരം അപകട മേഖലയായ ശങ്കരപ്പിള്ളിയിൽ വീണ്ടും അപകടം. ഇന്നലെ വൈകുന്നേരം 4.45ന് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റില്ല. അപകടത്തെത്തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
കഴിഞ്ഞ ദിവസം സ്കൂട്ടറും കാറും കൂട്ടിയിടിച്ചത് ഇതേ സ്ഥലത്താണ്. മൂന്നാഴ്ച മുൻപ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിരുന്നു. ശങ്കരപ്പിള്ളി മുതൽ മുട്ടം വരെ നിരവധി അപകടങ്ങളാണ് പതിവായി ഉണ്ടാകുന്നത്.
ഇവിടെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിരുന്നു. എന്നാൽ ഇത് വാഹനമിടിച്ചും രാത്രിയുടെ മറവിൽ എടുത്തു മാറ്റിയും നശിപ്പിച്ചു.
റോഡിന്റെ ഒരുവശം ജലവിതരണപൈപ്പ് സ്ഥാപിക്കാൻ കുത്തിപ്പൊളിച്ചത് കിടങ്ങായി മാറിയിട്ടുണ്ട്. ഇതാണ് ഇപ്പോൾ അപകടം പതിവാകാൻ കാരണമെന്ന് പറയുന്നു.