കമ്പംമെട്ട്-വണ്ണപ്പുറം ഹൈവേ നിർമാണത്തിലെ ക്രമക്കേട് വിജിലന്‍സ് പരിശോധിച്ചു
1459178
Sunday, October 6, 2024 2:08 AM IST
നെടുങ്കണ്ടം: വിവാദമായ കമ്പംമെട്ട് - വണ്ണപ്പുറം സംസ്ഥാന ഹൈവേ നിർമാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. മഴയത്ത് നടത്തിയ ടാറിംഗ് പിറ്റേന്ന് രാവിലെ തന്നെ പൊളിഞ്ഞ സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് മന്ത്രിയുടെ നിര്‍ദേശാനുസരണം വിജിലന്‍സ് സംഘം സ്ഥലം സന്ദര്‍ശിച്ചത്.
ടാറിംഗ് പൊളിഞ്ഞ സ്ഥലങ്ങളില്‍ വിജിലന്‍സ് മേധാവി ഇ.കെ. ശ്രീജയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം വിശദമായ പരിശോധനകള്‍ നടത്തുകയും പ്രദേശവാസികളുടെ പരാതികള്‍ കേള്‍ക്കുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലത്തെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു.
അപാകത ചൂണ്ടിക്കാട്ടിയ നാല് പേര്‍ക്കെതിരേ കേസ്
നെടുങ്കണ്ടം: റോഡ് നിര്‍മാണത്തില്‍ അപാകത ചൂണ്ടിക്കാട്ടിയ നാലു പേര്‍ക്കെതിരേ കരാറുകാരന് പോലീസില്‍ പരാതി നല്കി. കമ്പംമെട്ട് - വണ്ണപ്പുറം സംസ്ഥാന പാതയുടെ ടാറിംഗുമായി ബന്ധപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ച കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ രാത്രിയില്‍ കനത്ത മഴയില്‍ ടാറിംഗ് നടത്തിയ ഭാഗം പിറ്റേദിവസം രാവിലെ പൊളിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം നടത്തിയതിനാണ് കേസ്.