ജില്ലയോട് അവഗണന: കേരള കോണ്. ജനകീയ സംഗമം 26ന്
1458942
Saturday, October 5, 2024 2:31 AM IST
തൊടുപുഴ: ഭൂ പ്രശ്നങ്ങളിൽ ഉൾപ്പെടെ സംസ്ഥാന സർക്കാർ ജില്ലയോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് കേരള കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ ജനകീയസംഗമം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് പത്രസമ്മേളനത്തിൽ അറിയിച്ചു.
നിയമസഭ പാസാക്കിയ ഭൂപതിവ് ഭേദഗതി നിയമം സംബന്ധിച്ച് ചട്ടങ്ങൾ ഇതേവരെ രൂപീകരിച്ചിട്ടില്ല. ഇതോടെ ഭൂമിയുടെ വില താഴുകയും യാതൊരുവിധ നിർമാണ പ്രവർത്തനങ്ങളും അനുവദിക്കാത്ത സ്ഥിതിയുമുണ്ടാകും.
സിഎച്ച്ആർ ഉൾപ്പെട്ട ഭൂമിയിൽ പട്ടയം നൽകുന്നതിന് റവന്യു-വനംവകുപ്പുകൾ തമ്മിലുള്ള തർക്കം നിലനിൽക്കുകയാണ്. ജില്ലയിൽ വന്യമൃഗശല്യം അതിരൂക്ഷമാണ്. ഇതിനെതിരേയും സർക്കാർ നടപടി സ്വീകരിക്കുന്നില്ല. മുഖ്യമന്ത്രി ജില്ലയ്ക്കായി പ്രഖ്യാപിച്ച 12,000 കോടിയുടെ പാക്കേജ് ജലരേഖയായി മാറി.
ഇടുക്കി മെഡിക്കൽ കോളജ് ഇല്ലായ്മകളുടെ പര്യായമാണ്. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ തികഞ്ഞ അലംഭാവമാണ് കാട്ടുന്നത്. കർഷകരുടെ വായ്പയുടെ പലിശപോലും എഴുതിത്തള്ളാൻ സർക്കാർ താത്പര്യം കാണിക്കുന്നില്ല.
ജില്ലയിലെ ജനങ്ങൾ അഭീമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് പാർട്ടി പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾ സംഗമത്തിൽ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ പാർട്ടി സംസ്ഥാന ഉന്നതാധികാര സമിതിയംഗം അഡ്വ. ജോസഫ് ജോണ്, സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ് എന്നിവരും പങ്കെടുത്തു.