കാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു
1458715
Friday, October 4, 2024 2:03 AM IST
തൊടുപുഴ: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. ബന്ധുവായ അഭിഭാഷകയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. കുടയത്തൂർ ശരംകുത്തി പടിപ്പുരയ്ക്കൽ പരേതനായ റിട്ട. അധ്യാപകൻ പി.വി.ജോസഫിന്റെ മകളും റിട്ട. ഏജിസ് ഓഫീസറുമായ മേരി ജോസഫാ (രാജമ്മ- 76) ണ് മരിച്ചത്.
മേരിയുടെ സഹോദരൻ പരേതനായ ജോസഫ് ആർ. രാജന്റെ ഭാര്യ അഡ്വ. ഗ്രേസി കുര്യാക്കോസ് (60), മകൻ ടെഡ് (29) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ മൂന്നോടെ തൊടുപുഴ വെങ്ങല്ലൂർ ഷാപ്പുംപടിയിലായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ വഴിയോരത്തെ മരത്തിൽ ഇടിച്ചു കയറുകയായിരുന്നു. വാഹനമോടിച്ചിരുന്ന ടെഡ് ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. പരിക്കേറ്റവരെ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മേരിയുടെ ജീവൻ രക്ഷിക്കാനായില്ല.
കോതമംഗലത്തെ പള്ളിയിൽ നടന്ന പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയി മടങ്ങിവരികയായിരുന്നു ഇവർ. ബന്ധുവീട്ടിൽനിന്നും ഇന്നലെ പുലർച്ചെ തന്നെ വീട്ടിലേയ്ക്കു തിരിക്കുകയായിരുന്നു. കാറിന്റെ മുൻ ഭാഗം തകർന്നു. ബോണറ്റിൽനിന്നും പുക ഉയർന്നതിനെത്തുടർന്ന് തൊടുപുഴയിൽനിന്നുള്ള അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
മേരിയുടെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് മലങ്കര സെന്റ് ആൻഡ്രൂസ് സിഎസ്ഐ പള്ളിയിൽ.