ആശുപത്രിയിൽ ഗർഭിണിയെ ഉപദ്രവിച്ചയാൾ പിടിയിൽ
1458507
Thursday, October 3, 2024 1:34 AM IST
മൂന്നാർ: അർധരാത്രിയിൽ ആശുപത്രിയിൽ കയറി ഗർഭിണിയെ കടന്നുപിടിച്ച പോക്സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനിൽ വി. മനോജാ (27) ണ് മൂന്നാർ പോലീസിന്റെ പിടിയിലായത്.
ബുധനാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരടക്കമുള്ള ആശുപത്രിയാണ് മൂന്നാർ ഹൈറേഞ്ച് ആശുപത്രി. ഇവരുടെ കണ്ണുകൾ വെട്ടിച്ച് പ്രതി ആശുപത്രിയിലെ ഗർഭിണികളും യുവതികളും ചികിൽസ തേടിയെത്തുന്ന വാർഡിൽ കയറിപ്പറ്റുകയായിരുന്നു.
എല്ലാവരും ഉറക്കത്തിലായതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ഈ അവസരം മുതലെടുത്ത് പ്രതി ഗർഭിണിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ബന്ധുക്കളും മറ്റു രോഗികളും ഞെട്ടിയുണർന്നതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
പോലീസ് സ്ഥത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നീട് ഇയാളെ വീട്ടിൽനിന്നു പിടികൂടുകയായിരുന്നു. 2023-ൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശല്യം ചെയ്ത കേസിൽ പോക്സോ നിയമപ്രകാരം അറസ്റ്റിലായ പ്രതി ജാമ്യത്തിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.