മുല്ലപ്പെരിയാറിൽ ടണൽ നിർമിക്കണം: സി.പി. റോയി
1458363
Wednesday, October 2, 2024 6:54 AM IST
തൊടുപുഴ: മുല്ലപ്പെരിയാറിൽ 50 അടി ഉയരത്തിൽ ടണൽ നിർമിച്ച് ജലനിരപ്പ് താഴ്ത്തി കേരളത്തിലെ ജനങ്ങളുടെ ഭീതി അകറ്റണമെന്ന് മുല്ലപ്പെരിയാർ ടണൽ സമരസമിതി രക്ഷാധികാരി പ്രഫ. സി.പി. റോയി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് എറണാകുളം വൈപ്പിൻ മാലിപ്പുറം മൈതാനിയിൽ ഇന്ന് വൈകുന്നേരം നാലിന് ജനകീയ സമ്മേളനം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാറിൽനിന്നു തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാൻ പുതിയ ടണൽ നിർമിക്കണമെന്ന് 2014ൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ പുതിയ ഡാം നിർമിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നതിനാൽ ഈ നിർദേശത്തിന് ആരും അർഹമായ പ്രാധാന്യം കൽപ്പിച്ചിരുന്നില്ല. ഡാമിന് ബലക്ഷയമുണ്ടെന്ന സൂചന അന്നത്തെ സുപ്രീം കോടതി വിധിയിലുണ്ടായിരുന്നു.
എന്നാൽ ഇതു വിശകലനം ചെയ്യാനോ ചർച്ചയാക്കാനോ ആരും തയാറായില്ല. ടണൽ നിർമിച്ചാൽ ഡാമിലെ ജലനിരപ്പ് താഴ്ത്താനും തമിഴ്നാടിന് കൂടുതൽ വെള്ളം നൽകാനും സാധിക്കും.
പുതിയ ടണൽ എന്ന നിർദേശം ഉന്നതാധികാര സമിതിയും അംഗീകരിച്ചതാണ്. രണ്ടാമതൊരു ഡാം നിർമാണമെന്നത് നിലവിലെ സാഹചര്യത്തിൽ അപ്രായോഗികമാണ്. കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് വിവിധ ഡാമുകളിൽനിന്നു നൽകുന്ന ജലത്തിന്റെ അളവ് സംബന്ധിച്ച് ധവള പത്രം പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനകീയ സമ്മേളനം അഡ്വ. കാളീശ്വരം രാജ് ഉദ്ഘാടനം ചെയ്യും. അനിൽ പ്ലാവിൻസ്, സിപ്പി പള്ളിപ്പുറം, രസികല പ്രിയരാജ്, മാത്യൂസ് പുതുശേരി, റസിയ ജമാൽ എന്നിവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ സാജൻ ചാണ്ടി, വി.കെ. സുരേഷ്, ഷിജിൻ തോമസ് എന്നിവരും പങ്കെടുത്തു.