ചിന്നക്കനാലിലെ അനധികൃത കെട്ടിടങ്ങൾക്ക് നമ്പര്‍; ജില്ലാ കളക്ടറുടെ വിശദീകരണം തേടി
1458352
Wednesday, October 2, 2024 6:54 AM IST
കൊച്ചി: ചിന്നക്കനാലില്‍ നിയമവിരുദ്ധമായി നിർമിച്ച കെട്ടിടങ്ങള്‍ക്ക് നമ്പറിട്ടു നല്‍കിയതുമായി ബന്ധപ്പെട്ട വസ്തുതകളും സാഹചര്യങ്ങളും സംബന്ധിച്ച് ഹൈക്കോടതി ഇടുക്കി ജില്ലാ കളക്ടറുടെ വിശദീകരണം തേടി.
കളക്ടര്‍ രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, പി.ജി. അജിത്കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. കെട്ടിടങ്ങള്‍ക്കു നമ്പറിട്ട സംഭവത്തില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറി മധുസൂദനന് ഉണ്ണിത്താന് കോടതിയില്‍ നേരിട്ടു ഹാജരായിരുന്നു. ആഭ്യന്തര വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.
മൂന്നാര്‍ മേഖലയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടു "വണ്‍ എര്‍ത്ത് വണ്‍ ലൈഫ്’ സംഘടന നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ചിന്നക്കനാല്‍ പഞ്ചായത്ത് സെക്രട്ടറി അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നതായി ഹര്‍ജിക്കാരും അമിക്കസ്ക്യൂറിയും അറിയിച്ചതിനെത്തുടര്‍ന്നാണ് നേരിട്ടു വിളിച്ചുവരുത്തിയത്.