ചൊക്രമുടിയിൽ മന്ത്രിയുടെ കത്തിൽ സർക്കാർഭൂമി തട്ടിയെടുത്തു: വി.ഡി. സതീശൻ
1457912
Tuesday, October 1, 2024 12:49 AM IST
ചൊക്രമുടി(അടിമാലി): ചൊക്രമുടിയിൽ റവന്യുമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ 354 ഹെക്ടർ സർക്കാർ ഭൂമി ക്രമപ്പെടുത്തി നൽകിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ചൊക്രമുടി സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
സർക്കാർ ഭൂമി കൈയേറ്റമാണ് ചൊക്രമുടിയിൽ നടന്നിരിക്കുന്നത്. പാറ പുറംപോക്കെന്നു സർക്കാർ അടയാളപ്പെടുത്തിയിരിക്കുന്ന ഭൂമി കൈയേറാൻ സർക്കാർ തന്നെ ഒത്താശചെയ്തു. റവന്യൂവകുപ്പ് ഭരിക്കുന്ന കക്ഷിയുടെ നേതാക്കളുടെ ഒത്താശയോടെയാണ് കൈയേറ്റം ഉണ്ടായിരിക്കുന്നത്.
തീയതി ഇല്ലാതെ റവന്യു മന്ത്രിക്കു ലഭിച്ച കത്താണ് ഈ കുഴപ്പങ്ങൾക്കെല്ലാം കാരണമെന്നു കൈയേറ്റം അന്വേഷിക്കുന്ന ഐജിയുടെ റിപ്പോർട്ടിൽ തന്നെയുണ്ട്. കത്തിന്റെ അടിസ്ഥാനത്തിലാണ് 354 ഹെക്ടർ സ്ഥലം ക്രമപ്പെടുത്തിയെടുത്തത്. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറകൾ പൊട്ടിക്കുകയും നീർച്ചാലുകൾ തടസപ്പെടുത്തുകയും ചെയ്തു.
വരയാടുകൾ പോലുള്ള സംരക്ഷിത മൃഗങ്ങൾ എത്തുന്നതും നീലക്കുറിഞ്ഞി പോലുള്ള സംരക്ഷിത ചെടികൾ വളരുന്നതും ഡിസാസ്റ്റർ മാനേജ്മെന്റിന്റെ റെഡ് സോണിൽ ഉൾപ്പെട്ടതുമായ സ്ഥലമാണ് കൈയേറിയത്. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നിരിക്കുന്നത്. ഐജി റിപ്പോർട്ട് നൽകിയിട്ടും സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. സിപിഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കു ഭൂമി കൈയേറ്റത്തിൽ പങ്കുണ്ടെന്നു ചൂണ്ടിക്കാട്ടി സിപിഐ ജില്ലാ കൗണ്സിൽ അംഗം തന്നെ പാർട്ടിക്കു പരാതി നൽകിയിട്ടുണ്ട്.
ഭൂമി കൈയേറ്റത്തിൽ സിപിഐയും സിപിഎമ്മും തമ്മിൽ മത്സരിക്കുകയാണ്. ചൊക്രമുടിക്കു പടിഞ്ഞാറ് ഭാഗത്തുള്ള ഒറ്റമരം, ഉപ്പള, പച്ചപ്പുൽ തുടങ്ങിയ പ്രദേശങ്ങൾ സിപിഎം മുൻമന്ത്രിയും എംഎൽഎയുമായ എം.എം.മണിയുടെ സഹോദരൻ ലംബോദരനും ഭാര്യാസഹോദരനും കൈയേറിയിരിക്കുകയാണ്.
ഇടുക്കി ജില്ലയിലെ ഭൂമിപ്രശ്നങ്ങളുടെ മറവിൽ മാഫിയ വ്യാപകമായി ഭൂമി കൈയേറുകയാണ്. കൈയേറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും സാധാരണക്കാരായ കർഷകരുടെ ജീവിതത്തെ ബാധിക്കുന്ന ഭൂമി പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.