ഇടുക്കിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മന്ത്രി റോഷി പരാജയമെന്ന് കേരള കോൺഗ്രസ്
1457911
Tuesday, October 1, 2024 12:49 AM IST
ചെറുതോണി: ഇടുക്കിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മന്ത്രി റോഷി അഗസ്റ്റിൻ പരാജയപ്പെട്ടതായി കേരള കോൺഗ്രസ് യോഗത്തിൽ വിമർശനം. യുഡിഎഫ് എംഎൽഎയായിരുന്നപ്പോൾ ഇന്നത്തേക്കാൾ മെച്ചപ്പെട്ട രീതിയിൽ റോഷി അഗസ്റ്റിൻ പ്രവർത്തിച്ചിരുന്നെന്നും യോഗം വിലയിരുത്തി.
ഇടുക്കി മെഡിക്കൽ കോളജിന്റെ ശോച്യാവസ്ഥ പരിഹരിക്കൽ, ചെറുതോണിയിൽ കെഎസ്ആർടിസി ഡിപ്പോ ആരംഭിക്കൽ, ജില്ലാ ആസ്ഥാനത്തെ ബസ് സ്റ്റാൻഡ് നിർമാണം പൂർത്തിയാക്കൽ, ചെറുതോണി ടൗണിന്റെ വീതി വർധിപ്പിക്കാനുള്ള പാറ നീക്കംചെയ്യൽ, ഗ്രാമീണ റോഡുകളുടെ വികസനം, ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി, മുല്ലപ്പെരിയാർ പ്രശ്നം, വന്യജീവി ശല്യം, കാർഷിക- ഭൂപ്രശ്നങ്ങൾ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിൽ മന്ത്രി റോഷി അഗസ്റ്റിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല.
സിപിഎംന്റെ തടവറയിലാണ് ഇന്ന് റോഷി അഗസ്റ്റിൻ. സിഎച്ച്ആറുമായി ബന്ധപ്പെട്ട് നെടുങ്കണ്ടത്ത് നടത്തിയ ജനസദസിലെ മന്ത്രി റോഷി അഗസ്റ്റിൻ സ്വീകരിച്ച നിലപാടുകളും മുഖ്യമന്ത്രിയുടെയും റവന്യു-വനംവകുപ്പ് മന്ത്രിമാരുടെയും നിലപാടുകളും പരസ്പര വിരുദ്ധങ്ങളാണെന്നും കേരള കോൺഗ്രസ് യോഗം കുറ്റപ്പെടുത്തി.
സർക്കാരിന്റെ കർഷക - ജനവിരുദ്ധ നയങ്ങൾക്കെതിരേ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരങ്ങൾക്ക് മുന്നോടിയായി 11 മണ്ഡലങ്ങളിലും യോഗം കൂടുന്നതിനും കേരള കോൺഗ്രസ് ജന്മദിനമായ ഒൻപതിന് 11 മണ്ഡലം കമ്മറ്റികളുടെയും ആഭിമുഖ്യത്തിൽ 11 കേന്ദ്രങ്ങളിൽ പതാകകൾ ഉയർത്തുന്നതിനും ജൻമദിനയോഗങ്ങൾ നടത്തുന്നതിനും യോഗം തീരുമാനിച്ചു.
ചെറുതോണി ഓഫീസിൽ കൂടിയ യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട് അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ്, സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങളായ അഡ്വ. തോമസ് പെരുമന, നോബിൾ ജോസഫ്, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, പാർട്ടി നേതാക്കളായ ഷൈനി സജി, സാജു പട്ടരുമഠം, കെ.കെ. വിജയൻ, ബെന്നി പുതുപ്പടിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.