ഭിന്നശേഷിക്കാരന് മർദനം: മൂന്നുപേർ പിടിയിൽ
1457909
Tuesday, October 1, 2024 12:48 AM IST
കുമളി: കുമളിക്ക് സമീപം ചെളിമടയിലെ കോൾഡ് സ്റ്റോറിൽ കയറി ഭിന്ന ശേഷിക്കാരനായ കടയുടമയെ മർദിച്ച സംഭവത്തിൽ കൊല്ലം പട്ടട സ്വദേശികളായ കാർത്തിക്ക് (32), കലേഷ് (35), രാജൻ (45) എന്നിവരെ പോലീസ് പിടികൂടി. ഏഴ് പേർക്കെതിരേയാണ് കേസ് . മറ്റ് പ്രതികൾക്കായി പോലീസ് തെരച്ചിലാരംഭിച്ചു.
കടയുടമ അട്ടപ്പള്ളം ചാമക്കാലായിൽ എബിൻ തോമസിനാണ് (38) മർദനമേറ്റത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. രണ്ട് പേർ ഇറച്ചി വാങ്ങിയതിന്റെ പണം ഗൂഗിൾ പേ ചെയ്തത് ലഭിച്ചില്ലെന്ന് കടയുടമ പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. ജീപ്പിലെത്തിയ മറ്റ് പ്രതികൾ കടയിൽ അതിക്രമിച്ച് കയറി എബിനെ മർദിക്കുകയായിരുന്നു. മുഖത്തും തലയുടെ പിൻഭാഗത്തും ശരീരത്തും മർദനമേറ്റിട്ടുണ്ട്. പ്രതികളെ രണ്ടംഗസംഘം വിളിച്ചു വരുത്തിയാണ് ആക്രമണം നടത്തിയത്.
നേരം ഇരുട്ടിയാൽ കുമളിയും പരിസര പ്രദേശങ്ങളും ഇടവഴികളും മദ്യപരുടേയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടേയും താവളങ്ങളായി മാറും. ചോദ്യം ചെയ്യുന്നവരെ സംഘംചേർന്ന് ആക്രമിക്കും. വഴിവിളക്കുകളും സ്വിച്ചുകളും ഇക്കൂട്ടർ തകർക്കും. കുമളിയിലേയും പരിസര പ്രദേശങ്ങളിലേയും മിക്ക വഴിവിളക്കുകളുടെയും സ്വിച്ചുകൾ തകർക്കപ്പെട്ട നിലയിലാണ്.
ഒന്നാം മൈലിൽ ലഹരി സംഘം കോഫി ഷോപ്പിലെ ചില്ല് അലമാര രാത്രിയിൽ തകർത്തത് അടുത്ത കാലത്താണ്. പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.