സിപിഎമ്മിനൊപ്പം നിന്നാൽ തെറ്റുകാരെ സംരക്ഷിക്കും: വി.ഡി. സതീശൻ
1457908
Tuesday, October 1, 2024 12:48 AM IST
ചൊക്രമുടി (ഇടുക്കി): പി.വി.അൻവറിന്റെ തടയണയ്ക്കെതിരേ പഞ്ചായത്ത് നടപടി എടുക്കുമെന്ന് ഇപ്പോൾ പറയുന്നവർ ഇത്രയും കാലം നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംരക്ഷിക്കുകയായിരുന്നോ എന്നു വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
ചൊക്രമുടിയിലെ സർക്കാർ ഭൂമി കൈയേറ്റം സന്ദർശിക്കാനെത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്. സിപിഎമ്മിനൊപ്പം നിൽക്കുന്പോൾ ചെയ്യുന്ന തെറ്റുകൾ എല്ലാം മൂടി വയ്ക്കുകയും സിപിഎമ്മിന് അനഭിമതനായാൽ നടപടി ഉണ്ടാകുമെന്നുമുള്ള സന്ദേശമാണ് പാർട്ടി നൽകുന്നത്. സ്വർണക്കള്ളക്കടത്ത്, സ്വർണം പൊട്ടിക്കൽ, ലഹരിക്കടത്ത് സംഘങ്ങൾക്കെല്ലാം സിപിഎം സംരക്ഷണം നൽകുകയാണ്.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ഭരണകക്ഷി എംഎൽഎയാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ നടന്നിരുന്ന മുഴുവൻ അഴിമതികളും പുറത്തു പറയുന്നത്. പ്രതിപക്ഷം രണ്ടു മൂന്ന് വർഷമായി ആവർത്തിച്ചു പറഞ്ഞിരുന്ന കാര്യങ്ങളാണ് ഇപ്പോൾ ഭരണകക്ഷി എംഎൽഎയും പറയുന്നത്. ഇതോടെ പ്രതിപക്ഷവാദങ്ങൾക്ക് കൂടുതൽ വിശ്വാസ്യത വന്നിരിക്കുയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.