ഏലക്ക തട്ടിപ്പ്: വിശദമായ അന്വേഷണത്തിന് പോലീസ്
1454485
Thursday, September 19, 2024 11:31 PM IST
അടിമാലി: കര്‍ഷകരില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് ഏലക്ക വാങ്ങി തട്ടിപ്പു നടത്തി റിമാന്‍ഡിലായ പാലക്കാട് സ്വദേശി മുഹമ്മദ് നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്. റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ തെളിവെടുപ്പു നടത്തുന്നതിനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. തൊട്ടടുത്ത ദിവസം തന്നെ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിക്കും.
അടിമാലി പോലീസ് സ്റ്റേഷനില്‍ തട്ടിപ്പിനിരയായവരില്‍ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ഏതാനും ആളുകള്‍ മാത്രമാണ് തയാറായതെങ്കിലും ആലപ്പുഴയില്‍നിന്ന് കഴിഞ്ഞ 13ന് സംഭവത്തില്‍ പ്രതിയായ പാലക്കാട് സ്വദേശി മുഹമ്മദ് നസീറിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിച്ച വിവരം അറിഞ്ഞ് പണം ലഭിക്കാനുള്ള നൂറിലധികം പേര് എത്തിയിരുന്നതായാണ് വിവരം. അടിമാലി, വെള്ളത്തൂവല്‍, രാജാക്കാട് സ്റ്റേഷന് പരിധിയിലുള്ള കര്‍ഷകര്‍ക്ക് നല്‍കാനുണ്ടെന്ന് പ്രതി പറഞ്ഞിട്ടുള്ള തുക പോലീസ് മുഖ വിലയ്ക്കെടുത്തിട്ടില്ല.
പരാതി രജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടാക്കാതെ സ്റ്റേഷനില്‍ എത്തിയവര്‍ക്ക് ലഭിക്കാനുള്ളത് വലിയ തുകയാണെന്നാണ് വിവരം. വെള്ളത്തൂവല്‍ സ്റ്റേഷന് പരിധിയില്‍ കൊമ്പൊടിഞ്ഞാല്‍ കളക്ഷന്‍ സെന്റര്‍, അടിമാലിയിലെ വ്യാപാര കേന്ദ്രം എന്നിവിടങ്ങളില്‍ ഏലക്ക എത്തിക്കുന്നതിന് ഇടനിലക്കാര്‍ പ്രവര്‍ത്തിച്ചിരുന്നതായി പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലും പോലീസ് അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.