കിഴുകാനം ഇറച്ചിക്കേസിന് ഇന്ന് രണ്ടു വയസ്; സരുൺ സജിക്ക് ഇനിയും നീതി അകലെ
1454483
Thursday, September 19, 2024 11:31 PM IST
ഉപ്പുതറ: കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് വനം വകുപ്പ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച ആദിവാസി യുവാവിന് രണ്ടു വർഷമായിട്ടും നിതി കിട്ടിയിട്ടില്ല. 2022 സെപ്റ്റംബർ 20 നാണ് കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരുൺ സജിയെ വനം വകുപ്പ് കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്തത്.
പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം 60 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകണമെന്നാണ് നിലവിലുള്ള നിയമം. എന്നാൽ, പ്രോസിക്യൂഷൻ അനുമതി ലഭിക്കാത്തതിനാൽ ഇതുവരെ കോടതിയിൽ പോലീസ് കുറ്റപത്രം നൽകിയില്ല . കുറ്റക്കാരായ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ അനുമതി തേടി പോലീസ് ജനുവരി ആറിന് സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി വനം വകുപ്പ് ഭരണവിഭാഗം കൺസർവേറ്റർക്ക് കത്തുനൽകി. ഒരാഴ്ചക്കുള്ളിൽ മറുപടി ആവശ്യപ്പെട്ടാണ് കത്തു നൽകിയത്.
ഒൻപതു മാസമായിട്ടും വനം വകുപ്പ് മറുപടി നൽകിയില്ല. കുറ്റപത്രം നൽകുന്നത് നീട്ടിക്കൊണ്ടു പോയി കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്നു കാട്ടി സരുൺ സജി ജില്ലാ കോടതിയിൽ ഹർജി നൽകി. 2022 സെപ്റ്റംബർ 20നാണ് കേസിന് ആസ്പദമായ സംഭവം. കാട്ടിറച്ചി കടത്തി എന്നാരോപിച്ച് സരുൺ സജിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്യുകയായിരുന്നു. പുറത്തിറങ്ങിയ സരുൺ സജിയുടെ അപേക്ഷപ്രകാരം സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നീതു ലക്ഷ്മിയാണ് അന്വഷണം നടത്തിയത്. കേസ് കെട്ടിച്ചമച്ചതാണെന്നും പിടിച്ചെടുത്ത മാംസം വന്യജീവിയുടേതല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
തൊണ്ടി മുതലായി പിടിച്ചെടുത്തത് കാട്ടിറച്ചിയില്ലെന്ന് വിദഗ്ധ പരിശോധനയിൽ തെളിയുകയും ചെയ്തു. ഇതോടെ മുൻ ഇടുക്കി ഡിഎഫ്ഒ ബി.രാഹുൽ, കിഴുകാനം സെക്ഷൻ ഫോറസ്റ്റർ ടി. അനിൽ കുമാർ ഉൾപെടെ ഒൻപത് ഉദ്യോഗസ്ഥരെ സർവീസിൽനിന്നു സസ്പെൻഡു ചെയ്തു. ഇതിനു ശേഷമാണ് 13 ഉദ്യോഗസ്ഥർക്ക് എതിരേ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കാൻ ഉപ്പുതറ പോലീസ് തയാറായത്.
വളരെ ഉദാസീനമായാണ് പോലീസ്, വനം ഉദ്യോഗസ്ഥർക്ക് എതിരേയുള്ള കുറ്റപത്രം തയാറാക്കിയത്. എന്നാൽ, കുറ്റപത്രം നൽകാനോ വിചാരണ തുടങ്ങാനോ ഇതു വരെ കഴിഞ്ഞിട്ടില്ല. ഇത് അന്വേഷണത്തിൽ നിരപരാധിയാണെന്ന് വനം വകുപ്പു തന്നെ കണ്ടെത്തിയ സരുൺ സജിക്ക് നീതി നിഷേധിക്കുന്നതിന് തുല്യമായി.