വടക്കൻമേട് മലയടിവാരത്തുനിന്ന് കൂറ്റൻപാറ അടർന്നുവീണു; കൃഷി നശിച്ചു
1454177
Wednesday, September 18, 2024 11:36 PM IST
മുട്ടം: വടക്കൻമേട് മലയടിവാരത്തു നിന്നും കൂറ്റൻപാറ താഴേക്ക് അടർന്നു വീണു. നായാടിക്കുന്നേൽ ഷിബുവിന്റെ പുരയിടത്തിനു 600 മീറ്റർ താഴെ കാക്കൊന്പ് അടയ്ക്കാപ്പാറ മിനിയാച്ചന്റെ വീടിനടുത്തേക്കാണ് പാറ അടർന്നുവീണത്. പാറ അൽപ്പദൂരം കൂടി താഴേക്കെത്തിയിരുന്നെങ്കിൽ നാല് വീടുകൾക്കെങ്കിലും നാശമുണ്ടാകുമായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഏഴോടെയാണ് വൻശബ്ദത്തോടെ പാറക്കല്ല് താഴേക്ക് പതിച്ചത്. ഈ ഭാഗത്തെ കാർഷിക വിളകളും നശിച്ചു. പാറ താഴെയെത്തിയപ്പോഴേക്കും പൊട്ടിച്ചിതറി. ഇത്തരത്തിൽ ഒട്ടേറെ പാറക്കൂട്ടങ്ങൾ വടക്കൻമേടിന്റെ താഴെയായി അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.