ടൂറിസം കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്
1453911
Tuesday, September 17, 2024 11:28 PM IST
തൊടുപുഴ: ഓണനാളുകളിൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സന്ദർശകപ്രവാഹം. കനത്ത മഴയും വയനാട് ദുരന്തവും തിരിച്ചടി നൽകിയ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ഉണർവേകാൻ ഓണംനാളുകൾക്കായി. എന്നാൽ പ്രതീക്ഷിച്ച അത്രയും സന്ദർശകരുടെ ഒഴുക്ക് ഇത്തവണ ഓണത്തോടനുബന്ധിച്ച് ഉണ്ടായില്ലെന്ന് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർ പറഞ്ഞു. ഉത്രാടം, തിരുവോണം, അവിട്ടം നാളുകളിലാണ് വലിയ തിരക്ക് ടൂറിസം കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്. തിരുവോണ ദിവസത്തേക്കാൾ കൂടുതൽ സന്ദർശകരാണ് അവിട്ടം നാളിൽ വിവിധ ടൂറിസം കേന്ദ്രങ്ങളിലെത്തിയത്.
കഴിഞ്ഞ ഒൻപതു മുതൽ 16 വരെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ 61,181 പേരാണ് സന്ദർശനം നടത്തിയത്. ഉത്രാടത്തിന് 7,590 പേരാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിനു കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചത്. തിരുവോണദിവസം 13,724 പേർ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. എന്നാൽ അവിട്ടം നാളായ തിങ്കളാഴ്ച 27,725 പേരാണ് സന്ദർശനം നടത്തിയത്. ഡിടിപിസിയുടെ കീഴിൽ 12 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്.
വാഗമണ്ണിന്റെ ദൃശ്യസൗന്ദര്യം ആസ്വദിക്കാനാണ് കൂടുതൽ സഞ്ചാരികളും ഒഴുകിയെത്തിയത്. എട്ടു ദിവസത്തിനിടെ 33,516 പേരാണ് വാഗമണ്‍ മൊട്ടക്കുന്നിലും അഡ്വഞ്ചർ പാർക്കിലുമായി സന്ദർശനം നടത്തിയത്. വാഗമണ്‍ മൊട്ടക്കുന്നുകളിൽ 19,825 പേരും സാഹസിക പാർക്കിലേക്ക് 13,691 പേരും എത്തിയതായാണ് കണക്ക്.
എന്നാൽ അഡ്വഞ്ചർ പാർക്കിലെ ജനശ്രദ്ധ നേടിയ ചില്ലുപാലം മാസങ്ങളായി അടച്ചിട്ടിരിക്കുന്നത് ഇവിടേക്കുള്ള സന്ദർശകരുടെ വരവ് കുറച്ചിട്ടുണ്ട്.
മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ ആസ്വദിക്കാനും സഞ്ചാരികൾ കൂട്ടത്തോടെയെത്തി. എട്ടു ദിവസത്തിനിടെ 5,324 പേരാണ് ഇവിടെയെത്തിയത്. കൂടുതൽ പേർ ഒരാഴ്ചയ്ക്കുള്ളിൽ ഓണാവധി ആഘോഷിക്കാനെത്തിയത് പാഞ്ചാലിമേട്ടിലാണ്. ഇവിടെ 6,001 പേർ സന്ദർശനം നടത്തി. രാമക്കൽമേട്- 5513, ഹിൽവ്യു പാർക്ക് -5532, ശ്രീനാരായണ പുരം- 2677, മാട്ടുപ്പെട്ടി - 1415, അരുവിക്കുത്ത് - 1198 എന്നിങ്ങനെയാണ് മറ്റ് ഡിടിപിസി നിയന്ത്രണത്തിലുള്ള ടൂറിസം കേന്ദ്രങ്ങളിലെത്തിയ വിനോദ സഞ്ചാരികളുടെ കണക്ക്. ഇതിനു പുറമേ വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള തേക്കടി, ഇരവികുളം ദേശീയോദ്യാനം, തൊമ്മൻകുത്ത് എന്നിവിടങ്ങളിലും ഒട്ടേറെ സന്ദർശകർ ഓണത്തോടനുബന്ധിച്ച് അവധി ആഘോഷിക്കാനെത്തി. കൂടാതെ മലങ്കര ടൂറിസം ഹബ്ബ്, ആനയിറങ്കൽ ഡാം സന്ദർശനത്തിനും സഞ്ചാരികളെത്തിയിരുന്നു.
ഞായറാഴ്ച വരെ തിരക്ക് ഇതേ രീതിയിൽ അനുഭവപ്പെടാനാണ് സാധ്യതയെന്ന് ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് പറഞ്ഞു. വാഹനത്തിരക്കും മറ്റും കണക്കിലെടുത്ത് ആവശ്യമായ മുൻകരുതൽ നടപടികളും ഡിടിപിസി അധികൃതരും പോലീസും സ്വീകരിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഇടുക്കി ഡാമിൽ വൻ തിരക്ക്
ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കാൻ ഓണക്കാലത്ത് അവസരം ലഭിച്ചതോടെ 4,500ഓളം പേരാണ് ചൊവ്വാഴ്ച വരെ ഡാമുകളിൽ സന്ദർശനം നടത്തിയത്. ഈ മാസം അഞ്ചിനാണ് ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ കാണാൻ സന്ദർശകർക്ക് അനുമതി നൽകിയത്. നവംബർ 30 വരെ സന്ദർശിക്കാൻ അനുമതിയുണ്ട്. സന്ദർശകർക്കായി ബോട്ടിംഗും ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണ് ഡാം സന്ദർശനകത്തിന് ഈടാക്കുന്നത്. ബോട്ടിംഗ് നടത്തുന്നതിന് വേറേ ചാർജ് നൽകണം. ഞായറാഴ്ച മുതൽ ഇന്നലെ ഡാമുകൾ സന്ദർശിക്കാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
മുന്തിരപ്പാടം കാണാനും തിരക്ക്
ഓണത്തോടനുബന്ധിച്ച് കേരള -തമിഴ്നാട് അതിർത്തിയായ കന്പത്തെ മുന്തിരിപ്പാടങ്ങൾ സന്ദർശിക്കാൻ മലയാളി കുടുംബങ്ങൾ കൂട്ടത്തോടെയെത്തി. പന്തലുകളിൽ മൂത്തു പാകമായി കിടക്കുന്ന മുന്തിരിക്കുലകൾ കാണാൻ ആയിരക്കണക്കിന് സന്ദർശകരാണ് കന്പത്തെ മുന്തിരിപ്പാടങ്ങളിലേക്കൊഴുകിയെത്തിയത്.
തോട്ടത്തിൽനിന്നു മുന്തിരിയും ജ്യൂസും വൈനും വാങ്ങാനും ഇവിടെ സൗകര്യമുണ്ട്. തോട്ടത്തിൽത്തന്നെ പറിച്ചെടുത്ത മുന്തിരി ഉപയോഗിച്ച് തയാറാക്കുന്ന ജ്യുസ് ലഭിക്കും. വയനാട് ദുരന്തത്തത്തുടർന്ന് കഴിഞ്ഞ മാസങ്ങളിൽ തിരക്ക് കുറഞ്ഞിരുന്ന മുന്തിരിത്തോട്ടങ്ങളിൽ ഓണക്കാലത്താണ് വീണ്ടും സന്ദർശക തിരക്കനുഭവപ്പെട്ടത്. മൊബൈൽ ഫോണിൽ ചിത്രങ്ങളും സെൽഫിയും പകർത്തിയാണ് സന്ദർശകർ മടങ്ങുന്നത്.