അതിര്‍ത്തിവഴി എത്തിയ പാല്, പച്ചക്കറി പരിശോധന നടത്തി
1453388
Saturday, September 14, 2024 11:49 PM IST
തൊടുപുഴ: ഓണത്തോടനുബന്ധിച്ച് അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് മായംചേര്‍ത്ത പാല് കേരളത്തിലേക്ക് കൊണ്ടു വരുന്നത് തടയാന്‍ സംസ്ഥാന അതിര്‍ത്തികളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന.
ഇന്നലെ പുലര്‍ച്ചെ വരെയാണ് കുമളി ചെക്ക് പോസ്റ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. മൊബൈല്‍ ലാബിന്റെ സഹായത്തോടെയാണ് ടാങ്കറുകളിലും മറ്റു വാഹനങ്ങളിലും എത്തിയ പാലിന്റെ ഗുണനിലവാര പരിശോധന നടത്തിയത്. പാലിനു പുറമേ പച്ചക്കറി, പഴം എന്നിവയും പരിശോധിച്ചു.
കഴിഞ്ഞ നാലു ദിവസങ്ങളിലായിരുന്നു പരിശോധന. അന്യ സംസ്ഥാനങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ പാല് അതിര്‍ത്തി കടന്നെത്തുന്ന ഓണക്കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന നടപടിയുടെ ഭാഗമായിട്ടായിരുന്നു പരിശോധന. ദിവസേന 20 ടാങ്കറുകളോളമാണ് പാലുമായി അതിര്‍ത്തി കടന്നെത്തിയത്. ഇതിനു പുറമേ മറ്റു വാഹനങ്ങളിലും പാല് എത്തിയിരുന്നു.
ഇത്തരത്തിലെത്തുന്ന പാലിന്റെ അസിഡിറ്റി, കൊഴുപ്പ്, പ്രിസര്‍വേറ്റീവുകള്‍, ന്യൂട്രലൈസറുകള്‍, ആന്റി ബയോട്ടിക്കുകള്‍ എന്നിവയുടെ സാന്നിധ്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. പാല് ഏറെ നേരം കേടാകാതെയിരിക്കാന്‍ ഫോര്‍മാലിന്‍ ചേര്‍ത്തിട്ടുണ്ടോയെന്നും പരിശോധിച്ചു.
എന്നാല്‍, ഇത്തവണ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ക്ഷീര വികസനവകുപ്പും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പാല് പരിശോധന നടത്തിയിരുന്നെങ്കിലും ഇത്തവണ ഇവര്‍ ഇതില്‍നിന്നു വിട്ടുനിന്നു. ഓണത്തോടനുബന്ധിച്ച് മാര്‍ക്കറ്റുകളിലേക്കു വന്‍തോതിലാണ് തമിഴ്നാട്ടില്‍നിന്നു പച്ചക്കറി എത്തിയത്.
പലപ്പോഴും കാര്യമായ പരിശോധനയില്ലാതെയാണ് പച്ചക്കറി ലോഡുകള്‍ അതിര്‍ത്തി കടന്നെത്തുന്നത്. ഇത്തവണ പച്ചക്കറി, പഴം ലോഡുകളും പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.