നെയ്യശേരി-തോക്കുമ്പന്‍ സാഡില്‍ റോഡ് നിര്‍മാണത്തിന്റെ തടസങ്ങള്‍ നീക്കണമെന്ന്
1453386
Saturday, September 14, 2024 11:49 PM IST
കരിമണ്ണൂര്‍: റോഡു നിര്‍മാണത്തിന് തടസം സൃഷ്ടിക്കുന്ന നടപടിക്കെതിരേ നാട്ടുകാര്‍ രംഗത്ത്. ദ്രുതഗതിയില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന നെയ്യശേരി-തോക്കുമ്പന്‍ സാഡില്‍ റോഡിന്റെ വശങ്ങളില് വെള്ളം ഒഴുകിപ്പോകുന്നതിന് തടസം സൃഷ്ടിച്ച് മണ്ണിട്ടുയര്‍ത്തുക, വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കു തടസപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചില ഭാഗങ്ങളില്‍ നടത്തിയതിനെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.
ചിലയിടങ്ങളില്‍ അംഗീകരിച്ച എസ്റ്റിമേറ്റിനു പുറത്തുള്ള ജോലികള്‍ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സ്ഥിതിയും നിലവിലുണ്ട്. റോഡ് നിര്‍മാണം പൂര്‍ത്തിയാകാനായി പതിനഞ്ചു വര്‍ഷത്തോളമായി നാട്ടുകാരുടെ കാത്തിരിപ്പ് തുടരുകയാണ്. നാരങ്ങാനം വഴി മുണ്ടന്മുടിയിലെത്തി വണ്ണപ്പുറം-ചേലച്ചുവട് റോഡുമായി സംഗമിക്കുന്ന റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ തൊമ്മന്‍കുത്ത്, കരിമണ്ണൂര്‍ മേഖലകളുടെ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും.
വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ റോഡ് നവീകരിക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും പല കാരണങ്ങള്‍മൂലം മുടങ്ങുകയായിരുന്നു. പിന്നീടാണ് പ്രളയദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തി ജര്‍മന്‍ സഹായത്തോടെ രണ്ടു വര്‍ഷം മുമ്പ് നിര്‍മാണം തുടങ്ങിയത്. ഒന്നര വര്‍ഷമാണ് നിര്‍മാണ കാലാവധി. ഇത് പൂര്‍ത്തിയാക്കാനുള്ള സമയപരിധി അവസാനിക്കുന്ന ഘട്ടമെത്തിയതോടെയാണ് തിടുക്കത്തില്‍ നിര്‍മാണം നടന്നുവരുന്നത്. ഇതിനിടെയാണ് ചില മേഖലകളില്‍നിന്നു തടസവാദങ്ങള്‍ ഉയരുന്നത്. അതിനാല്‍ നിര്‍മാണം വൈകിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് തടയിടാന്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇതിനിടെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡീന്‍ കുര്യാക്കോസ് എംപി സ്ഥലം സന്ദര്‍ശിച്ചു. വനംവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുമെന്നും ചപ്പാത്ത് നിലനിര്‍ത്തി പുതിയ പാലം നിര്‍മിക്കുന്നത് നിലവിലെ എസ്റ്റിമേറ്റ് പ്രകാരം സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനുള്ള സാധ്യത ആരായുമെന്ന് എംപി വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി, രാജു ഓടയ്ക്കല്‍, ബേബി തോമസ്, ബിബിന്‍ അഗസ്റ്റിന് എന്നിവരും എംപിക്കൊപ്പമുണ്ടായിരുന്നു.