സമൃദ്ധിയുടെ ഓണം ഒരുക്കി ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി
1453376
Saturday, September 14, 2024 11:48 PM IST
ചെറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സോഷ്യൽ ബിവഞ്ചേഴ്സിന്റെ സഹകരണത്തോടെ ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഈ ഓണം ജനങ്ങൾക്കൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിലെ സാധാരണക്കാരായ സ്വാശ്രയസംഘം പ്രവർത്തകർക്ക് മൂവായിരത്തിലധികം രൂപ വിലമതിക്കുന്ന ഓണക്കിറ്റുകളാണ് 50 ശതമാനം സാമ്പത്തിക സഹായത്തോടെ ലഭ്യമാക്കിയത്. ഓണസദ്യ ഒരുക്കുന്നതിനാവശ്യമായ മുപ്പതിനം പലവ്യഞ്ജനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് കിറ്റുകൾ തയാറാക്കിയത്.
പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചൻ തോമസ് നിർവഹിച്ചു. തടിയന്പാട് മരിയസദൻ പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഉഷ മോഹനൻ, ജെസി തോമസ്, ആലീസ് വർഗീസ്, ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ ഏബ്രഹാം, ജസ്റ്റിൻ നന്ദികുന്നേൽ, അനിമേറ്റർ സിനി സജി എന്നിവർ പ്രസംഗിച്ചു.