ചള്ളാവയലിൽ പുലിയെ കണ്ടതായി അഭ്യൂഹം
1452832
Thursday, September 12, 2024 11:26 PM IST
തൊടുപുഴ: മുട്ടം പഞ്ചായത്തിലെ ചള്ളാവയലിൽ വീണ്ടും പുലിയെ കണ്ടതായി അഭ്യൂഹം. രാവിലെ ടാപ്പിംഗിനു പോയ പ്രദേശവാസിയാണ് മുട്ടം-ഈരാറ്റുപേട്ട റൂട്ടിലുള്ള റബർ തോട്ടത്തിൽ ഇന്നലെ രാവിലെ അഞ്ചോടെ പുലിയെ കണ്ടതായി പറഞ്ഞത്. തുടർന്ന് സ്ഥലമുടമയെ വിവരം അറിയിക്കുകയും ഇദ്ദേഹം വനംവകുപ്പിനെ അറിയിക്കുകയും ചെയ്തു. ആർആർടി സംഘം പരിശോധനയ്ക്കെത്തിയെങ്കിലും പുലിയുടെ ലക്ഷണങ്ങൾ ഒന്നും കണ്ടെത്തിയില്ല.
രാവിലെ ആറോടെയെത്തിയ സേനാംഗങ്ങൾ റബർ തോട്ടവും പരിസരവും പൂർണമാ യും പരിശോധിച്ചു. ചില കാൽപ്പാടുകൾ കണ്ടെത്തി. എന്നാൽ ഇത് പുലിയുടേതല്ലെന്നും നായുടെ ആണെന്നും പിന്നീട് സ്ഥിരീകരിച്ചു. ഇതിനിടെ പരിസരത്ത് ഒരു മൃഗവും ആക്രമിക്കപ്പെട്ടതായി വിവരങ്ങളില്ല.
സാധാരണ പുലിയുടെ സാന്നിധ്യമുള്ള മേഖലകളിൽ മറ്റു മൃഗങ്ങൾ ആക്രമിക്കപ്പെടാറുണ്ട്. നേരത്തെ കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി, പാറക്കടവ് മേഖലകളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച ഇടങ്ങളിൽ വളർത്തുനായ്ക്കൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു. അന്ന് പുലിയെ കുടുക്കാൻ പലയിടങ്ങളിലും കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാനായിരുന്നില്ല. പിന്നീട് എറണാകുളം ജില്ലയിലെ പണ്ടപ്പിള്ളിയിലും പുലിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു.