ബാർ ഹോട്ടലിൽനിന്ന് കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി
1452574
Wednesday, September 11, 2024 11:33 PM IST
അടിമാലി: ആനച്ചാലില്‍ വീണ്ടും പൊതുനിരത്തിലൂടെ ശുചിമുറി മാലിന്യം ഒഴുക്കിയതായി പരാതി. സ്വകാര്യ ബാര്‍ ഹോട്ടലില്‍നിന്നു മാലിന്യമൊഴുക്കിയതായി പരാതി ഉയര്‍ന്നതോടെ വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും നടപടിയുമായി രംഗത്തു വന്നു. വിവരം ജില്ലാ ഭരണകൂടത്തേയടക്കം അറിയിച്ചു തുടര്‍നടപടി സ്വീകരിക്കുമെന്നു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്. ജയന് പറഞ്ഞു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രദേശവാസികള്‍ വിവരം പഞ്ചായത്തിനെയും ആരോഗ്യവകുപ്പിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്നു പഞ്ചായത്തധികൃതരും ആരോഗ്യവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി.
ശുചിമുറി മാലിന്യം കൃത്യമായി സംസ്കരിക്കാന്‍ കഴിയുംവിധം സംവിധാനമൊരുക്കുംവരെ താത്കാലികമായി സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ സ്ഥാപന മാനേജ്മെന്റിനു നിര്‍ദേശം നല്കി.
ശുചിമുറി മാലിന്യം പരന്നതിനെത്തുടര്‍ന്ന് ആനച്ചാല്‍ ടൗണിലടക്കം അസഹനീയമായ ദുര്‍ഗന്ധം പരന്നിരുന്നു. ഇവിടം മാലിന്യമുക്തമാക്കാന്‍ ബാർ ഉടമയ്ക്കു അധികൃതർ നിര്‍ദേശം നല്കി.
കാരണം
ബാർ ഹോട്ടലിന്റെ മാലിന്യം പുറത്തേക്കൊഴുകാൻ കാരണമായതു ട്രീറ്റ്മെന്റ് പ്ലാന്റിന്റെ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതാണെന്നു പറയുന്നു. ഇതോടെ മാലിന്യം പുറത്തേക്കു ഒഴുകുകയും ചെയ്തു. മാലിന്യ സംസ്കരണം കൃത്യമായി രീതിയിൽ നടക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പിനു ബോധ്യപ്പെട്ടാൽ മാത്രമേ ഹോട്ടലിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിക്കൂ. അതിനായി ഹോട്ടൽ അധികൃതർക്ക് 24 മണിക്കൂർ സമയവും നൽകി. നിലവിൽ ഹോട്ടലിന്റെ പ്രവർത്തനം തടയുകയും സാനിറ്ററി സർട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്തു.
പ്രതികരണം
ഈ ഹോട്ടലിൽനിന്നു പലതവണയായി മാലിന്യങ്ങൾ റോഡിലേക്ക് ഒഴുക്കാറുണ്ടെന്നു പ്രദേശവാസികൾ പറയുന്നു. പലപ്രാവശ്യവും നാട്ടുകാർ താക്കീതും നൽകിയിരുന്നു. പിന്നെയും ആവർത്തിച്ചപ്പോഴാണ് അധികൃ തരെ വിവരമറിയിച്ചത്. ഇത്തരത്തിൽ പുറന്തള്ളുന്ന മാലിന്യം ആനച്ചാൽ ടൗണിലും ടാക്സി സ്റ്റാൻഡിലും കുടിവെള്ള സ്രോതസിലേക്കുമാണ് ഒഴുകി എത്തുന്നതെന്നും പ്രദേശവാസികൾ വ്യക്തമാക്കി.