കാറ്റാടിക്കവല-പശുപ്പാറ റോഡ് നിർമാണം അവതാളത്തിൽ
1452282
Tuesday, September 10, 2024 10:46 PM IST
ഉപ്പുതറ: ഭരണാനുമതിയും അനുവദിച്ച മൂന്നു കോടി രൂപയും മരവിപ്പിച്ചതോടെ കാറ്റാടിക്കവല-പശുപ്പാറ -ഏഴാം നമ്പർ -വാഗമൺ ലിങ്ക് റോഡിന്റെ നിർമാണം ഉടൻ നടക്കില്ലെന്ന് ഉറപ്പായി. സംസ്ഥാനത്ത് റീ ബിൽഡ് കേരളയിൽ അനുവദിക്കുകയും എന്നാൽ, നിർമാണം തുടങ്ങാത്തതുമായ മുഴുവൻ പദ്ധതികളും മരിവിപ്പിച്ച സർക്കാർ നടപടിയാണ് കാറ്റാടിക്കവല - പശുപ്പാറ റോഡിനും തിരിച്ചടിയായത്.
കാൽ നൂറ്റാണ്ടിലധികമായി തകർന്നു കിടക്കുന്ന റോസ് സഞ്ചാരയോഗ്യമാക്കാൻ പൗരസമിതി രൂപീകരിച്ച് നാട്ടുകാർ പ്രക്ഷോഭം തുടങ്ങിയിരുന്നു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ ഇടപെടലിനെത്തുടർന്ന് 2020 ൽ
ഇ.എസ്. ബിജിമോൾ എംഎൽഎ മൂന്നു കോടി രൂപ റോഡിനായി അനുവദിച്ചു. ഉപ്പുതറ - ഏലപ്പാറ റൂട്ടിലെ കാറ്റാടിക്കവലയിൽനിന്നും ഉപ്പുതറ - വാഗമൺ റൂട്ടിലെ ഏഴാം നമ്പർ റോഡുമായി ബന്ധിപ്പിക്കുക എന്നതായിരുന്നു പദ്ധതി.
ആറര കിലോ മീറ്റർ ദൂരമാണ് റോഡിനുള്ളത്. ആറു മീറ്റർ വീതിയിൽ സാധാരണ നിലവാരത്തിലുള്ള നിർമാണമാണ് ലക്ഷ്യമിട്ടത്.
ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണു പരിശോധന നടത്തി. അതിനിടെ റീ ബിൽഡ് കേരളയിൽ റോഡുകൾക്ക് എട്ടു മീറ്റർ വീതി നിർബന്ധമാക്കി സർക്കാർ ഉത്തരവുണ്ടായി. ഇതേത്തുടർന്നാണ് നിർമാണം തടസപ്പെട്ടിരിക്കുന്നത്.