എൽഡിഎഫ് ഭരണത്തിൽ വികസനം നിലച്ചതായി യുഡിഎഫ്
1444377
Monday, August 12, 2024 11:51 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് എല്‍ഡിഎഫ് ഭരണസമിതിയിലെ ദുര്‍വ്യയവും ദൂര്‍ത്തും അഴിമതിയും മൂലം വികസനപ്രവര്‍ത്തനങ്ങള്‍ അപ്പാടെ നിലച്ചതായി യുഡിഎഫ് മെംബര്‍മാര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. മാര്‍ക്കറ്റ് കെട്ടിടത്തിന്റെയും ക്രിമെറ്റോറിയത്തിന്റെയും നിര്‍മാണം, ഗ്രാമവണ്ടി പദ്ധതി തുടങ്ങിയവയിലെല്ലാം ഇതു പ്രകടമാണ്. അഴിമതിക്കായി വരുമാനം ലഭിക്കാത്ത പദ്ധതികള്‍ ആരംഭിക്കാന്‍ ഭരണസമിതി ചരടുവലികള്‍ നടത്തുന്നതായും ഇവര്‍ പറഞ്ഞു.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ വാടകയിനത്തില്‍ 25 ലക്ഷത്തോളം രൂപ കുടിശിക പിരിച്ചെടുക്കാനുണ്ട്. വിവിധ സഹകരണ സ്ഥാപനങ്ങളില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അനുമതിയില്ലാതെ രണ്ടു കോടി രൂപയോളം നിക്ഷേപിച്ചിട്ടുണ്ട്. ഈ തുക തിരിച്ചെടുക്കാൻ ഭരണസമതി അലംഭാവം കാട്ടുകയാണ്.
2021 ല്‍ നിര്‍മാണം ആരംഭിച്ച മാര്‍ക്കറ്റ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കാത്തത് ഭരണ പരാജയത്തിന്റെ തെളിവാണ്. നാലരക്കോടി രൂപ മുടക്കി മൂന്നു നിലകളിലായി കെട്ടിടം വാര്‍ത്തതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കു സ്വന്തം സര്‍ക്കാരില്‍നിന്നും വായ്പ നേടിയെടുക്കാന്‍പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍നിന്ന് മൂന്നു കോടി രൂപ കരാറുകാരന് നല്കി. ഇനി ഒന്നരക്കോടി രൂപകൂടി നല്‍കാനുമുണ്ട്. ഇതിനിടയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനായി വാപ്കോസ് എന്ന ഏജന്‍സി 4.98 കോടി രൂപയുടെ ഒരു ഡ്രാഫ്റ്റ് എസ്റ്റിമേറ്റ് ഗ്രാമപഞ്ചായത്തിന് കൈമാറുകയും ചെയ്തു. ഭാവിയില്‍ വന്‍ ബാധ്യത ഇതുമൂലം ഉണ്ടാകും. പത്തുവര്‍ഷത്തിലധികം പഞ്ചായത്തിന്റെ തനതു ഫണ്ട് മുഴുവൻ വായ്പ തിരിച്ചടവിനായി മാറ്റിവയ്ക്കേണ്ടതായി വരും. ഇതോടെ മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും നിലയ്ക്കുമെന്നും മെംബര്‍മാര്‍ പറഞ്ഞു.
35 ലക്ഷം രൂപയുടെ നിര്‍മാണ ചെലവുള്ള ക്രിമെറ്റോറിയം നാലു വര്‍ഷമായിട്ടും പൂര്‍ത്തിയാക്കിയില്ല. ഇതിനായി വാങ്ങിയ ജനറേറ്റര്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. ഗ്രാമവണ്ടി എന്ന പുതിയ പദ്ധതിയിലൂടെ മറ്റൊരു തട്ടിപ്പിനും ഭരണസമിതി വഴിയൊരുക്കുകയാണ്. ദിവസേന പതിനായിരം രൂപയോളം ചെലവ് വരുന്ന പദ്ധതിയിലൂടെ പഞ്ചായത്തിന് ഒരു രൂപപോലും വരുമാനം ലഭിക്കില്ല. നെടുങ്കണ്ടത്ത് കെഎസ്ആര്‍ടിസി ഡിപ്പോ ഉള്ളപ്പോഴാണ് ഈ അനാവശ്യ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും യുഡിഎഫ് മെംബര്‍മാര്‍ കുറ്റപ്പെടുത്തി.
ഗ്രാമീണ റോഡുള്‍ പുനരുദ്ധരിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ പലകാര്യങ്ങളും മെംബര്‍മാര്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടും ഭരണസമിതി നിഷേധാത്മക സമീപനമാണ് സ്വീകരിച്ചുവരുന്നതെന്നും യുഡിഎഫ് അംഗങ്ങളായ എം.എസ്. മഹേശ്വരന്, ജോജി ഇടപ്പള്ളിക്കുന്നേല്‍, രാജേഷ് അമ്പഴത്തിനാല്‍, ഷിഹാബ് ഈട്ടിക്കല്‍, ജെസി ദേവസ്യ, ലിനിമോള്‍ ജോസ് എന്നിവര്‍ ആരോപിച്ചു.