തൊടുപുഴയിലെ റെയ്ഡ്കോ ശാഖയും അടച്ചുപൂട്ടുന്നു
1430107
Wednesday, June 19, 2024 4:32 AM IST
തൊടുപുഴ: സഹകരണമേഖലയിൽ പ്രവർത്തിച്ചുവരുന്ന തൊടുപുഴയിലെ റെയ്ഡ്കോ ഒൗട്ട്ലെറ്റും അടച്ചുപൂട്ടുന്നു. കഴിഞ്ഞ 35 വർഷമായി നഗരത്തിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് ഈ മാസം അവസാനത്തോടെ അടച്ചുപൂട്ടാൻ അധികൃതർ നിർദേശിച്ചിരിക്കുന്നത്. സാന്പത്തിക പ്രതിസന്ധിയാണ് അടച്ചുപൂട്ടലിനു പിന്നിലെന്നു പറയപ്പെടുന്നു.
സർക്കാർ സ്കീമുകളുമായി ബന്ധപ്പെട്ടുള്ള ഉത്പന്നങ്ങളാണ് ഇവിടെനിന്നു കൂടുതലായും വിറ്റഴിച്ചുവരുന്നത്. കാർഷിക ജില്ലയായ ഇടുക്കിയിലെ നൂറുകണക്കിനു കർഷകർക്കു സഹായമായിരുന്ന സ്ഥാപനമാണിത്. ഇവിടെനിന്നു വാങ്ങുന്ന കാർഷികോത്പന്നങ്ങൾക്ക് വിലക്കുറവിനൊപ്പം ഗുണനിലവാരവും ഉണ്ടായിരുന്നതായി കർഷകർ പറയുന്നു. കാർഷിക മേഖലയിൽ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിവരുന്ന സ്മാം പദ്ധതിയിൽ വർഷങ്ങളായി ഒട്ടേറെ കർഷകർ യന്ത്രങ്ങളും മറ്റും വാങ്ങുന്നത് റെയ്ഡ്കോയിൽ നിന്നാണ്.
ഡ്രിപ്പ് ഇറിഗേഷൻ പോലുള്ള പദ്ധതികൾക്ക് ആവശ്യമായ ഉത്പന്നങ്ങളും സബ്സിഡി നിരക്കിൽ ഇവിടെനിന്നു ലഭിച്ചിരുന്നു. ജില്ലയിൽ റെയ്ഡ്കോയുടെ രണ്ടു ഒൗട്ട്ലെറ്റുകളാണുണ്ടായിരുന്നത്. ഇതിൽ കട്ടപ്പനയിലേത് നേരത്തേ പൂട്ടിയിരുന്നു. തൊടുപുഴയിലെ ശാഖയും അടച്ചുപൂട്ടുന്നതോടെ കർഷകർക്ക് എറണാകുളം, കോട്ടയം ജില്ലകളിലെ ശാഖകളെ ആശ്രയിക്കേണ്ടിവരും. എറണാകുളം ജില്ലയിൽ പിറവത്താണ് റെയ്ഡ്കോയുടെ ശാഖ പ്രവർത്തിക്കുന്നത്. തൊടുപുഴ ഒൗട്ട്ലെറ്റിനു പുറമേ പത്തനംതിട്ട, മാവേലിക്കര, അഞ്ചൽ, നെൻമാറ, നിലന്പൂർ, ചെറുവത്തൂർ എന്നീഒൗട്ട്ലെെറ്റുകളും അടച്ചുപൂട്ടുന്നശാഖകളിൽ ഉൾപ്പെടുന്നു.
സാന്പത്തിക പ്രതിസന്ധിയാണ് അടച്ചുപൂട്ടാൻ കാരണമെന്നു പറയുന്പോഴും ജീവനക്കാരെ പിരിച്ചുവിടാതെ മറ്റു ശാഖകളിലേക്ക് മാറ്റി നിയമിക്കുകയാണ്. അതിനാൽ കെട്ടിട വാടക, വൈദ്യുതി ചാർജ് തുടങ്ങിയ ചെലവുകൾ മാത്രമാണ് കുറയുന്നത്. അതേ സമയം കാർഷികമേഖലയ്ക്ക് ഒട്ടേറെ പ്രയോജനകരമായിരുന്ന റെയ്ഡ്കോ ശാഖ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.