നെടുങ്കണ്ടം മേഖലയില്‍ തീവ്രമഴയും നാശനഷ്ടവും
1423227
Saturday, May 18, 2024 3:36 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയില്‍ അതിശക്തമായ മഴയും നാശനഷ്ടവും. രണ്ടു ദിവസങ്ങളിലായി പെയ്ത മഴയിലാണ് മണ്ണിടിഞ്ഞും സംരക്ഷണ ഭിത്തികള്‍ ഇടിഞ്ഞും നാശം നേരിട്ടത്.
ഇന്നലെ വൈകുന്നേരം നാലോടെ കരുണാപുരം കുഴിക്കണ്ടത്ത് വീടിനോട് ചേര്‍ന്നുള്ള റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെത്തുടര്‍ന്ന് കാക്കശേരി വര്‍ഗീസിന്റെ വീട് അപകടാവസ്ഥയിലായി.
സമീപത്തുതന്നെ കുളമാക്കല്‍ തോമസ് ജോസ് എന്നയാളുടെ സ്ഥലത്ത് മഴവെള്ളപ്പാച്ചിലില്‍ ഏലച്ചെടികള്‍ ഒലിച്ചുപോയി. അഞ്ച് മീറ്ററോളം വീതിയിലും 150 മീറ്റര്‍ നീളത്തിലും മണ്ണ് ഒലിച്ചുപോകുകയായിരുന്നു.
കുഴിക്കണ്ടത്തുതന്നെ ചിറപ്പറമ്പില്‍ പൊന്നമ്മയുടെ കൃഷിയിടം മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുകയും ഏലച്ചെടികള്‍ നശിക്കുകയും ചെയ്തു. ഇവരുടെ സ്ഥലത്ത് നിരവധി കുഴികളും രൂപപ്പെട്ടിട്ടുണ്ട്. കരുണാപുരത്തുതന്നെ റോഡുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞ് പലറോഡുകളും അപകടാവസ്ഥയിലായിട്ടുണ്ട്. കനത്ത മഴയില്‍ വെള്ളം കുത്തിയൊലിച്ച് കൃഷികള്‍ക്ക് നാശം നേരിട്ടു.
നിര്‍മാണത്തിലിരിക്കുന്ന കമ്പംമെട്ട് - വണ്ണപ്പുറം റോഡിന്റെ വശങ്ങളില് മണ്ണിടിഞ്ഞ് വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. റോഡിന്റെ നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണം.