പ്രളയത്തിൽ താമസിക്കാൻ നൽകിയ ക്വാർട്ടേഴ്സുകൾ ഒഴിയുന്നില്ല
1417255
Friday, April 19, 2024 12:29 AM IST
ചെറുതോണി: 2018ലെ മഹാപ്രളയത്തിലെ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വീട് നഷ്ടപ്പെട്ടവർക്ക് താത്കാലികമായി വാഴത്തോപ്പിൽ താമസിക്കാനൊരുക്കിയ കെഎസ്ഇബി ക്വാർട്ടേഴ്സുകൾ വീടും സ്ഥലവും അനുവദിച്ച് കിട്ടിയിട്ടും പലരും അനധികൃതമാക്കി കൈവശം വച്ചിരിക്കുന്നതായി റിപ്പോർട്ട്.
ജില്ലാ ആസ്ഥാനത്തും സമീപ പ്രദേശത്തുമായി നൂറുകണക്കിനാളുകൾക്കാണ് പ്രളയത്തിൽ വീട് നഷ്ടമായത്. ഇതെത്തുടർന്ന് വാഴത്തോപ്പ് കെഎസ്ഇബി കോളനിയിലുള്ള ഒഴിവായിക്കിടക്കുന്നതും കേടുപാടുകൾ സംഭവിച്ചതുമായ കെട്ടിടങ്ങൾ വാസയോഗ്യമാക്കിയും വൈദ്യുതി കണക്ഷൻ നല്കിയും ദുരിതബാധിതരെ പുനരധിവസിപ്പിക്കുകയായിരുന്നു.
വൈദ്യുതി ബോർഡ് ദുരിതബാധിതരിൽനിന്നും വാടക ഈടാക്കാതെ സൗജന്യമായാണ് വിട്ടുകൊടുത്തിരുന്നത്. എന്നാൽ, ലൈഫ് പദ്ധതിയിലും പ്രളയാനന്തര പദ്ധതിയിലുംപെടുത്തി സ്ഥലവും വീടുമനുവദിച്ച ശേഷവും ക്വാർട്ടേഴ്സുകൾ ഒഴിവാകാതെ പലരും കൈവശം വച്ചിരിക്കുകയാണെന്നും താമസ സൗകര്യം അന്വേഷിച്ചെത്തിയ മറ്റുള്ള ആളുകൾക്ക് മറിച്ച് വാടകയ്ക്ക് നല്കിയിരിക്കുകയാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ കുടുംബമായി താമസിക്കാൻ വീടും സ്ഥലവും അന്വേഷിച്ച് വലയുന്ന സാഹചര്യത്തിലാണ് ഈ അനധികൃത നടപടി. വാഴത്തോപ്പ് കെഎസ്ഇബി കോളനിയിലെ ക്വാർട്ടേഴ്സുകളിൽ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി താമസിക്കുന്നവരെയും കൈവശം വച്ചിരിക്കുന്നവരെയും ഒഴിപ്പിക്കാനുള്ള അടിയന്തര നടപടി ഉണ്ടാകണമെന്നാണ് പ്രദേശവാസികളും സർക്കാർ ജീവനക്കാരും ആവശ്യപ്പെടുന്നത്.