പ്ലാന്റേഷൻ റിലീഫ് കമ്മിറ്റി കൂടുന്നതിൽ വീഴ്ചയെന്ന്
1374543
Thursday, November 30, 2023 1:00 AM IST
ഉപ്പുതറ: പ്ലാന്റേഷൻ റിലീഫ് കമ്മിറ്റി കൂടുന്നതിലും മുന്പെടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിലും ഗുരുതര വീഴ്ചയെന്നു പരാതി. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് കിട്ടേണ്ട സഹായങ്ങൾ ലഭിക്കുന്നില്ല. തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കുമുള്ള ചികിത്സാ സഹായങ്ങൾ ഒരു വർഷത്തിലധികമായി മുടങ്ങിക്കിടക്കുന്നു. തൊഴിലാളികളുടെ മക്കളുടെ വിവാഹത്തിനും ഉന്നത വിദ്യാഭ്യാസത്തിനും നൽകിവരുന്ന സഹായവും മുടങ്ങി. ഇത്തരത്തിൽ പ്രതിസന്ധി രൂക്ഷമായി തോട്ടങ്ങൾ പൂട്ടിയതോടെ 2002 ലാണ് കളക്ടർ ചെയർമാനും ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടർ, എംഎൽഎ, ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട പ്ലാന്റേഷൻ റിലീഫ് കമ്മിറ്റി രൂപീകരിച്ചത്.
ലഭിക്കുന്ന അപേക്ഷ പരിശോധിച്ച് സർക്കാർ അനുവദിക്കുന്ന ഫണ്ടിൽനിന്നു റിലീഫ് കമ്മിറ്റിയാണ് സഹായം അനുവദിക്കുന്നത്. മാസങ്ങളായി കമ്മിറ്റി കൂടുന്നില്ലന്നും തൊഴിലാളികൾക്ക് അനുവദിച്ച സഹായം പോലും കിട്ടുന്നില്ലന്നും കേരള പ്ലാന്റേഷൻ വർക്കേഴ്സ് (ഐഎൻടിയുസി ) ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി. നിക്സൺ പറഞ്ഞു.
തൊഴിലാളികൾക്കുള്ള കുടിവെള്ള പദ്ധതി നവീകരിച്ചതിന് അനുവദിച്ച ഫണ്ട് ഉൾപ്പെടെയുള്ള ധനസഹായം അടിയന്തരമായി അനുവദിക്കണമെന്ന് ഫെഡറേഷൻ യോഗം ആവശ്യപ്പെട്ടു. കോൺഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡന്റ് ഷാൽ വെട്ടികാട്ട്, എസ്. ജയരാജ്, ടി. എസ്. ഉദയകുമാർ.എന്നിവർ പ്രസംഗിച്ചു.
എന്നാൽ, സർക്കാരിൽ നിന്നു ഫണ്ട് ലഭിച്ചാലുടൻ ധനസഹായം വിതരണം ചെയ്യുമെന്ന് ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടർ ഓഫീസിൽനിന്ന് അറിയിച്ചു.