പീരുമേട്ടിലെ തോട്ടാപ്പുര നാശത്തിന്റെ വക്കിൽ
1339483
Saturday, September 30, 2023 11:44 PM IST
പീരുമേട്: ഇരുനൂറു വര്‍ഷം മുന്‍പ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന റാണി ലക്ഷ്മീഭായിയുടെ കാലത്ത് പീരുമേട്ടിൽ നിർമിച്ച തോട്ടാപ്പുര സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി.
റാണിയുടെ വേനൽക്കാല വസതിയായിരുന്ന കുട്ടിക്കാനത്തെ അമ്മച്ചി കൊട്ടാരത്തിന്റെ ഭാഗമായാണിതുണ്ടാക്കിയത്. രാജഭരണകാലത്തെ ഏതാനും ശേഷിപ്പുകളിലൊന്നാണ് ഈ ആയുധപ്പുര. പ്രത്യേക രീതിയിലാണ് തോട്ടാപ്പുരയുടെ നിര്‍മാണം.
കല്ലും മണ്ണും കുമ്മായവും ചേർത്ത മിശ്രിതമാണ് ഈ ഒരു മുറി കെട്ടിട നിർമാണത്തിന് ഉപയോഗിച്ചത്. കോട്ടയം-കുമളി റോഡിന്റെ പണിക്കു വേണ്ടിവന്ന വെടിമരുന്നുകളും പണിയായുധങ്ങളും സൂക്ഷിക്കുന്നതിനു വേണ്ടിയാണ് ഇതു നിര്‍മിച്ചത്.
ഇവിടെ സ്ഫോടകവസ്തുക്കളെ ഇടിമിന്നലില്‍നിന്നു സംരക്ഷിക്കാന്‍ കാന്തമുപയോഗിച്ചുണ്ടാക്കിയ മിന്നല്‍ രക്ഷാകവചവും സ്ഥാപിച്ചിരുന്നു. ഈ പൈതൃക മന്ദിരം ഇന്നു നാശത്തിന്റെ വക്കിലാണ്. ഇതിൽ പടർന്നുകയറിയ ആൽമരങ്ങളുടെ വേരിന്റെ ബലത്തിലാണ് ഇതിന്നും തകരാതെ നിൽക്കുന്നത്. എന്നാൽ, ആൽമരം ഉണങ്ങിക്കഴിഞ്ഞു.
പണ്ട് ഇവിടം വനമായിരുന്നു. എന്നാൽ സമീപത്തെ മരങ്ങൾ ഇപ്പോള്‍ വെട്ടിമാറ്റി കോൺക്രീറ്റ് കെട്ടിടങ്ങൾ പണിത് ഈ മന്ദിരത്തിന്റെ കാഴ്ച പൂർണമായും മറച്ചിരിക്കുകയാണ്.
ചരിത്ര വിദ്യാർഥികൾക്കും വിനോദയാത്രികർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണീ മന്ദിരം. പീരുമേട്ടിൽനിന്ന് ഒന്നര കിലോമീറ്റർ ദൂരെയാണിതു സ്ഥിതി ചെയ്യുന്നത്.