ചിന്നക്കനാൽ പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പ് അഞ്ചിന്
1339482
Saturday, September 30, 2023 11:44 PM IST
രാജകുമാരി: ചിന്നക്കനാൽ പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അഞ്ചിനു നടക്കും. കോൺഗ്രസ് ഭരണസമിതിക്കെതിരേ കഴിഞ്ഞ 15ന് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്.
പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും സിപിഐ, സിപിഎം ഭിന്നത മൂലം ആറ് അംഗങ്ങളുള്ള കോൺഗ്രസിന് ഭരണം ലഭിക്കുകയായിരുന്നു. സിനി ബേബി പ്രസിഡന്റും ആർ. വള്ളിയമ്മാൾ വൈസ് പ്രസിഡന്റുമായിരുന്നു.
2021-ൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായെങ്കിലും തുടർന്നു നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് എൽഡിഎഫ് അംഗങ്ങൾ വിട്ടുനിന്നതോടെ ഭരണം വീണ്ടും കോൺഗ്രസിനു ലഭിച്ചു.
സിപിഎം, സിപിഐ പ്രാദേശിക നേതൃത്വം നടത്തിയ ചർച്ചയെത്തുടർന്നാണ് വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. നിലവിലെ സാഹചര്യത്തിൽ സിപിഐക്ക് പ്രസിഡന്റ് സ്ഥാനവും സിപിഎമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിക്കാനാണ് സാധ്യത.
അതേസമയം, എൽഡിഎഫിലെ ഒരംഗത്തെ അടർത്തിയെടുത്ത് ഭരണം വീണ്ടെടുക്കാനാണ് കോൺഗ്രസിന്റെ ശ്രമം. എന്നാൽ, മുന്നണിയിലുള്ളവർ കൂറുമാറില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ്.