മൂല്യനിർണയ വേതനം നൽകുന്നില്ല; അധ്യാപകർ സമരത്തിന്
1339252
Friday, September 29, 2023 11:17 PM IST
തൊടുപുഴ: ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതു പരീക്ഷയുടെ മൂല്യനിർണയ ജോലിയുടെ പ്രതിഫലം തടഞ്ഞുവച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് അധ്യാപകർ സമരത്തിലേക്ക്.
ആദ്യ പടിയായി ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിൽ സമരം നടത്തി.
ഹയർ സെക്കൻഡറി പൊതു പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ച് മാസങ്ങൾ പിന്നിടുന്പോഴും 2023 ഏപ്രിലിൽ നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിന്റെ പ്രതിഫലമാണ് ഇപ്പോഴും തടഞ്ഞു വച്ചിരിക്കുന്നത്.
ഒന്നാം വർഷ പരീക്ഷാഫലം മെച്ചപ്പെടുത്താനുള്ള ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മുഴുവൻ ഫീസും സ്വീകരിച്ച് ഒക്ടോബർ ഒൻപതിന് പരീക്ഷ ആരംഭിക്കാനിരിക്കുന്പോഴും മാസങ്ങൾക്കു മുന്പു നടന്ന മൂല്യനിർണയ ജോലിയുടെ പ്രതിഫലം ലഭിച്ചിട്ടില്ല.
അതേസമയം ഇതോടൊപ്പം മൂല്യനിർണയം നടന്ന എസ്എസ്എൽസി പരീക്ഷയുടെ മുഴുവൻ പ്രതിഫലവും അധ്യാപകർക്ക് അതാതു സമയം വിതരണം ചെയ്തിട്ടുണ്ട്. പരീക്ഷാ ജോലിക്കായി വിദ്യാർഥികളിൽനിന്ന് ഉയർന്ന തോതിലുള്ള പരീക്ഷാഫീസാണ് പിരിച്ചെടുക്കുന്നത്.
ഈ തുക വകമാറ്റുന്നതിനാലാണ് പ്രതിഫലം നൽകാനാവാത്ത സാഹചര്യമുണ്ടാകുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു. ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കു മുന്പായി കുടിശിക തുക അനുവദിക്കണമെന്ന് എഫ്എച്ച്എസ്ടിഎ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
ധർണ കെപിസിസി മുൻ ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. കെപിസിസി അംഗം നിഷ സോമൻ, ഫ്രാൻസിസ് തോട്ടത്തിൽ, എസ്. ജ്യോതിസ്, ബിസോയി ജോർജ്, സണ്ണി കൂട്ടുങ്കൽ, കെ.ടി. അജേഷ്, സിബി ജോസ്, ടി.സി. സുനിൽ, ഡോ. എസ്. ശേഖർ, ഷിജു കെ. ജോർജ്, ജെയ്സണ് ജോസഫ് എന്നിവർ പ്രസംഗിച്ചു.