സ്വാമിനാഥൻ വിടപറഞ്ഞു, ഇടുക്കി പാക്കേജ് തളിരിട്ടില്ല
1339038
Thursday, September 28, 2023 11:17 PM IST
കെ.എസ്. ഫ്രാൻസിസ്
കട്ടപ്പന: വിശ്വ വിഖ്യാതനായ ഡോ. എം.എസ്. സ്വാമിനാഥൻ വിചാരിച്ചിട്ടും ഇടുക്കിയുടെ തലേവര മാറ്റാനായില്ല. 2008 നവംബർ 20നു കേന്ദ്ര കൃഷിമന്ത്രാലയം അംഗീകരിച്ച ഇടുക്കി പാക്കേജ് തളിരിടാതെ പോയതിന്റെ ദുഃഖഭാരം ഇടുക്കിയുടെ തലയിൽ ഭാണ്ഡക്കെട്ടായി അവശേഷിക്കുന്പോഴാണ് സ്വാമിനാഥൻ വിടപറയുന്നത്.
ഡോ. സ്വാമിനാഥൻ അധ്യക്ഷനായ റിസർച്ച് ഫൗണ്ടേഷൻ മാസങ്ങൾ നീണ്ട പഠനങ്ങൾക്കും പരിശോധനകൾക്കും ഗവേഷണങ്ങൾക്കും ശേഷം കേന്ദ്ര സർക്കാരിനു സമർപ്പിച്ചതു 1836 കോടിയുടെ ഇടുക്കി കാർഷിക പാക്കേജാണ്. ഇതിൽ 1126 കോടിയുടെ പദ്ധതി അനുവദിച്ചു. ഇടുക്കി പാക്കേജ് ഏട്ടിലെ പശുവായി പുല്ലു തീറ്റിക്കാതെയും പുല്ലു തിന്നാതെയും പട്ടിണികിടന്നു ചത്തു.
കാർഷിക വൈവിധ്യങ്ങളുടെ നാടായ ഇടുക്കി ജില്ലയിൽ അങ്ങോളമിങ്ങോളം നടപ്പാക്കേണ്ട ബൃഹത് പദ്ധതികൾ അക്കമിട്ട് നിരത്തി ഒരോന്നിനും പ്രത്യേകം പ്രത്യേകം ഫണ്ടും അനുവദിച്ച് സർക്കാരിനു സമർപ്പിച്ചാണ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങിയത്.
കാർഷികഗ്രാമങ്ങളും പ്രാദേശിക മാർക്കറ്റുകളും റോഡ് സൗകര്യങ്ങളും കൃഷിപാഠവും എല്ലാം സമഗ്രമായി പ്രതിപാദിച്ചിട്ടുള്ള ഇടുക്കി പാക്കേജിൽ ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലെയും അനുയോജ്യമായ കൃഷിവിവരങ്ങൾ ഉള്ളടക്കം ചെയ്തിരുന്നു. അതു നടപ്പാക്കിയിരുന്നെങ്കിൽ ഇടുക്കി പുതിയൊരു ഹരിതവിപ്ലവത്തിന്റെ തട്ടകമാകുമായിരുന്നു.
യുപിഎ സർക്കാരിന്റെ കൃഷിമന്ത്രിയായിരുന്ന ശരത് പവാർ ഇടുക്കി പാക്കേജിന് അനുമതി നൽകുന്പോൾ വി.എസ്. അച്യുതാനന്ദനായിരുന്നു കേരള മുഖ്യമന്ത്രി. ഇടുക്കി പാക്കേജ് അനുവദിച്ച കേന്ദ്ര സർക്കാരിനേയും പദ്ധതി തയാറാക്കിയ ഡോ. എം.എസ്. സ്വാമിനാഥനേയും മുഖ്യമന്ത്രി അതിരില്ലാതെ അഭിനന്ദിക്കുകയും ചെയ്തു.
നിസംഗത പാലിച്ചവർ
ഇടുക്കി പാക്കേജ് പ്രഖ്യാപനത്തെ മതിമറന്നു സ്വാഗതം ചെയ്തവർ പിന്നീട് പദ്ധതി നടപ്പാക്കാൻ ഒന്നും ചെയ്തില്ല. തുടർന്നുവന്ന സർക്കാരും ഇടുക്കി പാക്കേജിനെ കുഴിച്ചുമൂടി.
ജില്ലാ കളക്ടറേറ്റിൽ സ്പെഷൽ ഓഫീസറെയും ഇംപ്ലിമെന്റിംഗ് അഥോറിറ്റിയെയും നിയമിച്ച് പദ്ധതി നടപ്പാക്കണമെന്നായിരുന്നു സ്വാമിനാഥൻ ഫൗണ്ടേഷന്റെ നിർദേശം. പേരിനു സ്പെഷൽ ഓഫീസറെ നിയമിച്ച് ഉത്തരവിറക്കിയതല്ലാതെ ഓഫീസർ എത്തിയില്ല. അഥോറിറ്റിയും ഉണ്ടായില്ല. എല്ലാം തമസ്കരിക്കപ്പെട്ടു.
കർഷകർ നിരാശർ
56 കോടി രൂപ ഇടുക്കി പാക്കേജിൽനിന്ന് ചെലവഴിച്ചതായി ഒരു കണക്ക് പ്രസിദ്ധീകരിച്ചെങ്കിലും ഇടുക്കിയിലെ കർഷകർക്ക് ഒരു പ്രയോജനവുമുണ്ടായില്ല.
റോഡ് വെട്ടിയതും ആടിനെ വാങ്ങിയതും വാഹനം വാങ്ങിയതും ജീവനക്കാർക്കു ശന്പളം നൽകിയതും എല്ലാം ഇടുക്കി പാക്കേജിന്റെ അക്കൗണ്ടിൽ ചാർത്തിവച്ച് 56 കോടിയുടെ കണക്ക് ഉണ്ടാക്കി.
ഇടുക്കി പാക്കേജ് സ്പെഷൽ പാക്കേജാണ്. സാധാരണ സർക്കാർ പദ്ധതികൾ ഇടുക്കി പാക്കേജിന്റെ ഹെഡിലാക്കി പണം മാറിയതു മാത്രമാണ് നടന്നത്. ഇതു കഴിച്ചുള്ള ബാക്കി പണം ലാപ്സാകുകയും ചെയ്തു.
ഇടുക്കി പാക്കേജ് പേപ്പറിൽമാത്രം
കട്ടപ്പനയിൽ അന്നത്തെ കൃഷിമന്ത്രി മുല്ലക്കര രത്നാകരന്റെ അധ്യക്ഷതയിൽ നടന്ന പദ്ധതിയുടെ പ്രഥമ അവലോകനയോഗത്തിൽ എംപി ആയിരുന്ന ഫ്രാൻസിസ് ജോർജ് പദ്ധതി നടത്തിപ്പിന് സ്വാമിനാഥൻ ഫൗണ്ടേഷനെപ്പോലെയുള്ള ഏജൻസിയെ ഏൽപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇടതു സർക്കാർ അംഗീകരിച്ചില്ല.
പദ്ധതി നടത്തിപ്പ് നീണ്ടുപോയാൽ അനുവദിച്ച പണത്തിന്റെ പ്രയോജനം ലഭിക്കില്ലെന്ന് എംഎൽഎ ആയിരുന്ന ഇ.എം. ആഗസ്തി ചൂണ്ടിക്കാണിച്ചിരുന്നു. അതുതന്നെ സംഭവിച്ചു. ഇടുക്കി പാക്കേജിന്റെ പ്രയോജനം ഇടുക്കിക്കാർക്കു ലഭിച്ചില്ല. സ്വാമി, അങ്ങേയ്ക്കൊപ്പം ഓടാൻ സംസ്ഥാന സർക്കാരിനു കഴിയാതെ പോയി.