കുമളി വീണ്ടും കരടി ഭീതിയിൽ
1338268
Monday, September 25, 2023 10:42 PM IST
കുമളി: കുമളിയിൽ വീണ്ടും കരടി ഇറങ്ങി. അട്ടപ്പള്ളത്ത് ആലംബഹീനരുടെ പുനരധിവാസ കേന്ദ്രമായ ആകാശപ്പറവകളുടെ മുകൾഭാഗത്ത് ജനവാസ മേഖലയിലാണ് ഇന്നലെ രാവിലെ കരടിയെ നാട്ടുകാർ കണ്ടത്. കുട്ടിക്കരടിയേയാണ് കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു.
വനപാലകർ സ്ഥലത്തെത്തി കൂട് സ്ഥാപിക്കാനുള്ള നീക്കത്തിലാണ്. കുട്ടിക്കരടിയായതിനാൽ ഇതിന്റെ കൂടെ തള്ളക്കരടിയടക്കം ഒന്നിലധികം കരടികൾ ഉണ്ടാകാനുള്ള സാധ്യത വനം വകുപ്പ് തള്ളിക്കളയുന്നില്ല.
അട്ടപ്പള്ളത്ത് കർഷകനെ കൃഷിയിടത്തിൽ കരടി ആക്രമിച്ച് മൃതപ്രായനാക്കിയത് ഏതാനും വർഷം മുൻപാണ്. കരടിയുടെ ആക്രമണത്തിൽ അട്ടപ്പള്ളം സ്വദേശി കടുന്തോട്ട് മാമച്ചന്റെ മുഖം തകർന്ന് കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. ഇപ്പോൾ കരടിയെ കണ്ട പ്രദേശത്തിന് അര കിലോമീറ്റർ ദൂരെയാണ് അന്ന് കരടിയുടെ ആക്രമണം ഉണ്ടായ സ്ഥലം. അന്ന് കുമളി ടൗണിന് സമീപം വരെ കരടിക്കൂട്ടം എത്തിയിരുന്നു. ടൗണിൽ കൊളുത്തു പാലത്തിന് സമീപം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ കരടിയെ മറ്റു കരടികൾ കൂട്ടമായി എത്തി കൂടു തകർത്ത് രക്ഷിച്ചുകൊണ്ടുപോയ സംഭവും ഉണ്ടായിട്ടുണ്ട്.