തോട്ടംതൊഴിലാളികൾക്ക് പുതുക്കി നിശ്ചയിച്ച തുക അപര്യാപ്തമന്ന്
1338265
Monday, September 25, 2023 10:42 PM IST
ഉപ്പുതറ: സംസ്ഥാനത്തെ തോട്ടംതൊഴിലാളികളുടെ സേവന വേതന വ്യവസ്ഥ പുതുക്കി നിശ്ചയിച്ച തുക അപര്യാപ്തമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യം. 1948-ലെ മിനിമം വേതന നിയമ പ്രകാരം തോട്ടംതൊഴിലാളികളുടെ മിനിമം വേതനം കാലോചിതമായി പരിഷ്കരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
തൊഴിലാളി-തൊഴിലുടമ, സർക്കാർ പ്രതിനിധികൾ അടങ്ങിയ പ്ലാന്റേഷൻ ലേബർ കമ്മിറ്റിയാണ് (പിഎൽസി) തീരുമാനം കൈക്കൊളേളണ്ടത്. വേതനം പുതുക്കി നിശ്ചയിക്കേണ്ട കാലാവധി 2017 ഡിസംബർ 31ന് അവസാനിച്ചതാണ്. 2019 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ച് 2021 ഡിസംബർ 31-ന് സർക്കാർ വിജ്ഞാപനം ഇറക്കി. വിജ്ഞാപന പ്രകാരം തൊഴിലാളികൾക്ക് ലഭിക്കേണ്ട ശബളം കിട്ടിയില്ല.
വിഷയം ചർച്ച ചെയ്യാൻ 2022 ഓഗസ്റ്റ് 19-ന് ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ പ്ലാന്റേഷൻ ലേബർ കമ്മിറ്റി കൂടിയെങ്കിലും തുടർ യോഗങ്ങളിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന ധാരണയിൽ യോഗം പിരിഞ്ഞു. പിന്നീടു ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിൽ 41 രൂപ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കുകയായിരുന്നു. വർധിപ്പിച്ച തുകയും ചേർത്ത് 479 രൂപയാണ് തൊഴിലാളികൾക്ക് കിട്ടുന്നത്.
700 രൂപയിൽ കുറയാത്ത വർധനയാണ് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിരുന്നത്. നാലു വർഷത്തെ മുൻകാല പ്രാബല്യവും നഷ്ടമായി. ഇനിയും മൂന്നു വർഷം കഴിഞ്ഞേ വർധന ഉണ്ടാവുകയുള്ളൂ.
തോട്ടംമേഖലയിലേയും തൊഴിലാളികളുടേയും പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മീഷൻ റിപ്പോർട്ടിലും സർക്കാർ തുടർനടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്. ഒരു ദിവസത്തെ വേതനം 800 രൂപയാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസ്വാമി മുഖ്യമന്ത്രി, തൊഴിൽമന്ത്രി എന്നിവർക്ക് വീണ്ടും നിവേദനം നൽകി.