ബസ് യാത്രയ്ക്കിടെ മോഷണം പതിവാകുന്നു
1337303
Friday, September 22, 2023 12:14 AM IST
കട്ടപ്പന: കട്ടപ്പന നഗരത്തിൽ രണ്ടു ദിവസത്തിനിടെ മൂന്നു സ്ത്രീകളുടെ ആഭരണങ്ങൾ കവർന്നു. ബസ് യാത്രയ്ക്കിടെയായിരുന്നു എല്ലാ മോഷണങ്ങളും.
നാലര പവന്റെ സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന പഴ്സാണ് ഉപ്പുതറ സ്വദേശിയായ യാത്രക്കാരിയുടെ പക്കൽനിന്ന് മോഷണം പോയത്. ബുധനാഴ്ച വൈകുന്നേരം കട്ടപ്പനയിൽനിന്ന് ഉപ്പുതറയിലേക്ക് ബസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു മോഷണം. രണ്ടു മാലകളും ഒരു മോതിരവും കൈചെയിനുമാണ് നഷ്ടമായത്.
ഇന്നലെ വെള്ളയാംകുടിയിൽനിന്ന് കട്ടപ്പനയിലേക്ക് ബസിൽ പുറപ്പെട്ട സ്ത്രീയുടെ കഴുത്തിൽനിന്നു രണ്ടര പവന്റെ മാല നഷ്ടമായി. സ്കൂൾകവലയിൽനിന്ന് ബസിൽ കയറിയ മറ്റൊരു യുവതിയുടെ കഴുത്തിൽനിന്ന് ഒന്നര പവന്റെ ആഭരണവും കാണാതായി. കഞ്ഞിക്കുഴി സ്വദേശിനിയുടെ പക്കൽനിന്ന് പണവും ഫോണും അടങ്ങിയ പഴ്സും നഷ്ടപ്പെട്ടു.
മറ്റൊരു സ്ത്രീയുടെ മാല നഷ്ടപ്പെട്ടതായി ബസിൽവച്ച് മനസിലാക്കുകയും അന്വേഷണം നടത്തുന്നതിനിടെ വീണുകിട്ടിയതെന്ന് വ്യക്തമാക്കി ഒരു സ്ത്രീ എടുത്തു നൽകുകയും ചെയ്തിട്ടുണ്ട്.
വ്യാപകമായി മോഷണം നടന്നെന്നു വിവരം ലഭിച്ചതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. നാലു സ്ത്രീകൾ ഉൾപ്പെട്ട സംഘമാണ് മോഷണം നടത്തുന്നതെന്നാണ് പോലീസിന്റെ നിഗമനം. ഇവരുടേതെന്നു സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്