മൂന്നും ആറും വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച ആസാം സ്വദേശി അറസ്റ്റിൽ
1336544
Monday, September 18, 2023 10:58 PM IST
ചെറുതോണി: ഇതര സംസ്ഥാന തൊഴിലാളികളുടെ മൂന്നും ആറും വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച ആസാം സ്വദേശിയെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശി നീൽകമൽ ദാസ് (30) ആണ് അറസ്റ്റിലായത്. ഇയാൾ താമസിക്കുന്നതിന് തൊട്ടടുത്ത് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ കുട്ടികളെയാണ് പീഡിപ്പിച്ചത്.
രണ്ടു വീടുകളിലെ കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. മിഠായി നല്കാമെന്ന് പറഞ്ഞ് ഇയാൾ കുട്ടികളെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. കുട്ടികളെ പീഡിപ്പിക്കുന്നത് കണ്ട മറ്റൊരു ഇതര സംസ്ഥാന തൊഴിലാളി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചിട്ടാണ് പിടികൂടിയത്.10 വർഷമായി പ്രതി സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിർമാണത്തൊഴിലാളിയാണ്. ഇയാൾക്ക് ആസാമിൽ ഭാര്യയും കുട്ടിയുമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ആസാമിൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
ഇടുക്കി പോലീസ് എസ്എച്ച് ഒ എസ്. സതീഷ് കുമാർ, എസ്ഐ ടോണി ജെ. മറ്റം, എസ്സിപിഒമാരായ അഭിലാഷ്, മുജീബ്, കെ.സി. അനീഷ്, നജീബ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.