അനധികൃത കെട്ടിട നമ്പർ: മുൻ പഞ്ചായത്തു ജീവനക്കാരനെതിരേ കേസ്
1336337
Sunday, September 17, 2023 11:12 PM IST
രാജാക്കാട്: ബൈസൺവാലി പഞ്ചായത്തിൽ ഡിജിറ്റൽ രേഖകളിൽ കൃത്രിമം കാട്ടി കെട്ടിട നമ്പർ നൽകിയ കേസിൽ മുൻ ജീവനക്കാരനെതിരേ രാജാക്കാട് പോലീസ് കേസെടുത്തു.
പഞ്ചായത്തിലെ സീനിയർ ക്ലർക്ക് അനീഷ്കുമാറിനെതിരേയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്.
കഴിഞ്ഞ മേയ് 25ന് രാവിലെ ഏഴിനും 9.45-നും ഇടയിൽ ജീവനക്കാരൻ പഞ്ചായത്ത് ഓഫീസിലെത്തി പഞ്ചായത്ത് സോഫ്റ്റ്വെയറിൽ ഡാറ്റാ എൻട്രി നടത്തിയെന്നും ഇത് വേരിഫിക്കേഷൻ നടത്തി അപ്രൂവൽ ചെയ്തതായും സെക്രട്ടറി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.
സെക്രട്ടറിയുടെ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് പഞ്ചായത്തിൽ നിലവിലില്ലാത്ത കെട്ടടങ്ങൾക്ക് നമ്പർ നൽകിയതായും പരാതിയുണ്ട്.
പതിമൂന്നാം വാർഡിൽ 44 എന്ന കെട്ടിട നമ്പറും 11-ാം വാർഡിൽ അഞ്ച് എന്ന കെട്ടിട നമ്പറും അഞ്ചാം വാർഡിൽ 39 എന്ന കെട്ടിട നമ്പറും വ്യാജമായി നൽകി. അപേക്ഷയില്ലാതെ പത്താം വാർഡിലെ 330 എന്ന നമ്പറിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകുകയും ചെയ്തു.
അഞ്ചാം വാർഡിലെ 142 എന്ന നമ്പറിലുള്ള കെട്ടിടത്തിന്റെ വിസ്തീർണത്തിൽ അപേക്ഷയില്ലാതെ കൂട്ടിച്ചേർക്കലുകൾ നടത്തിയതായും പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു.
ഇതു സംബന്ധിച്ച് കഴിഞ്ഞ 11ന് പഞ്ചായത്ത് സെക്രട്ടറി പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകിയിരുന്നു. വകുപ്പുതല അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനേത്തുടർന്ന് പഞ്ചായത്തിലെ ഭൂരിഭാഗം ജീവനക്കാരേയും നേരത്തേ സ്ഥലം മാറ്റിയിരുന്നു.