തൊടുപുഴ: നഗരസഭയിൽ ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0-ന് തുടക്കമായി. സ്വച്ഛ് ഭാരത് മിഷന്റെ നിർദേശപ്രകാരം ഒക്ടോബർ രണ്ടു വരെ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സ്വച്ഛതാ റാലി നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. സിനിമാതാരം നിഷാന്ത് സാഗർ ഫ്ളാഗ് ഓഫ് ചെയ്തു.
കൗണ്‍സിലർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമസേനാംഗങ്ങൾ, നഗരസഭാ ജീവനക്കാർ, ന്യൂമാൻ കോളജ്, അൽ അസ്ഹർ കോളജ്, എപിജെ അബ്ദുൾ കലാം സ്കൂൾ, ജിവിഎച്ച്എസ്എസ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള എൻഎസ്എസ് വോളണ്ടിയർമാർ, എൻസിസി കേഡറ്റുകൾ, യുവജന സംഘടന അംഗങ്ങൾ, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ റാലിയിൽ പങ്കെടുത്തു.
നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. കരിം ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അൽ അസ്ഹർ കോളജ് വിദ്യാർഥികൾ ഫ്ളാഷ് മോബും തൊടുപുഴ ഗവ. വിഎച്ച്എസ്എസിലെ എൻഎസ്എസ് വോളണ്ടിയർമാർ തെരുവുനാടകവും അവതരിപ്പിച്ചു.
ന്യൂമാൻ കോളജ് എൻസിസി കേഡറ്റുകളുടെ നേതൃത്വത്തിൽ ടൗണ്‍ഹാൾ പരിസരത്ത് ശുചീകരണം നടത്തി.
നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ജി. രാജശേഖരൻ, കെ. ദീപക്, കൗണ്‍സിലർമാരായ സനു കൃഷ്ണൻ, സി. ജിതേഷ്, രാജി അജേഷ്, നഗരസഭാ സെക്രട്ടറി ബിജുമോൻ ജേക്കബ്, ക്ലീൻ സിറ്റി മാനേജർ മീരാൻ കുഞ്ഞ്, നോഡൽ ഓഫീസർ ബിജോ മാത്യു, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപ് രാജ്, പ്രജീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.