പിഎൽസി തൊഴിലാളികളെ അവഗണിച്ചെന്ന്
1301722
Sunday, June 11, 2023 2:58 AM IST
തൊടുപുഴ: തോട്ടം തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണുന്നതിനുള്ള പ്ലാന്റേഷൻ ലേബർ കമ്മിറ്റി ശന്പളവർധന മാത്രം നടപ്പാക്കി തൊഴിലാളികളുടെ മറ്റാവശ്യങ്ങൾ നിരാകരിച്ചെന്ന് തോട്ടം തൊഴിലാളിയും പൊതുപ്രവർത്തകനുമായ ഐ.കരീം പത്രസമ്മേളനത്തിൽ ആരോപിച്ചു.
ക്ഷാമബത്ത അടക്കമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഇത്തവണയും പിഎൽസി ആവശ്യപ്പെട്ടിട്ടില്ല. നേരിയ ശന്പളവർധന മാത്രമാണ് നൽകിയിരി ക്കുന്നത്. 2023-ലെ പിഎൽസി യോഗത്തിൽ ക്ഷാമബത്ത അടക്കമുള്ള ആനുകൂല്യങ്ങളുടെ പരിഷ്കരണം ചർച്ച ചെയ്യാമെന്ന് ലേബർ കമ്മീഷണർ രേഖാമൂലം ഉറപ്പ് നൽകിയിരുന്നു. എന്നാലിത് ഇത്തവണയും അവഗണിച്ചു.
2020-ലെ പിഎൽസിയിൽ സൂപ്പർവൈസർ വിഭാഗത്തിന് മാത്രം പോയിന്റിന് 2.10 രൂപയാക്കി ഡിഎ ഉയർത്തി. എന്നാൽ തൊഴിലാളികളുടെ ഡിഎയിൽ വ്യത്യാസം ഉണ്ടായില്ല. ഇത്തവണ നടന്ന പിഎൽസിയിൽ ഡിഎ പരിഷ്കരണം പരിഗണിച്ചില്ല. അടിസ്ഥാന ശന്പളത്തിൽ 41 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഈ വർധന 17 മാസത്തെ മുൻകാല പ്രബല്യത്തോടെയാണ് തൊഴിലാളികൾക്ക് ലഭിക്കേണ്ടത്. എന്നാൽ പുതുക്കിയ ശന്പളം നാലുമാസത്തെ മുൻകാല പ്രാബല്യത്തോടെ നൽകിയാൽ മതിയെന്നാണ് തീരുമാനം. പിഎൽസി തീരുമാനങ്ങൾക്കെതിരെ സർക്കാരിന് നിവേദനം നൽകുകയും കോടതിയെ സമീപിക്കുകയും ചെയ്യുമെന്നും കരീം പറഞ്ഞു. പത്രസമ്മേളനത്തിൽ തോട്ടം തൊഴിലാളികളായ രാമർ ചെല്ലയ്യ, ഷണ്മുഖനാഥൻ എന്നിവരും പങ്കെടുത്തു.