കാലവർഷം കനത്തു, ജാഗ്രതാ നിർദേശം
1301356
Friday, June 9, 2023 10:50 PM IST
തൊടുപുഴ: ജില്ലയിൽ കാലവർഷം ശക്തിപ്പെട്ടു. തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലയിലാണ് ഇന്നലെ കനത്ത മഴ പെയ്തത്. കാലവർഷം എത്തിയ സാഹചര്യത്തിൽ നാളെ വരെ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം മുന്നറിയിപ്പു നൽകി. മരം വീണും വൈദ്യുതി കന്പികൾ പൊട്ടിവീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു തോട്ടം മേഖലകളിലും മറ്റും ജോലിയെടുക്കുന്ന തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
മരം വീഴ്ച
കഴിഞ്ഞ നാലിനു കാലവർഷം എത്തുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാൽ, ചെറിയ തോതിൽ മഴ ലഭിച്ചെങ്കിലും നാലു ദിവസം വൈകിയാണ് കാലവർഷം എത്തിയത്. വ്യാഴാഴ്ച മുതൽ മഴ ശക്തിയാർജിച്ചു തുടങ്ങി. സെപ്റ്റംബർ വരെ കാലവർഷത്തിന്റെ ഭാഗമായുള്ള മഴ ലഭിക്കുമെന്നാണ് കരുതുന്നത്. മുൻ വർഷത്തേക്കാൾ കൂടുതൽ മഴ ഇത്തവണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഴ ശക്തിപ്പെട്ടതോടെ കെടുതികളും റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങി. കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാർ ഗവിയിൽ മരം വീണ് കെഎഫ്ഡിസി എസ്റ്റേറ്റിൽ തൊഴിലാളിസ്ത്രീ മരിച്ചിരുന്നു. പല സ്ഥലങ്ങളിലും മരം വീണു ഗതാഗതം തടസപ്പെട്ടു.
മുട്ടം എൻജിനിയറിംഗ് കോളജിനു സമീപം തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിൽ മരം വീണ് ഏറെനേരം ഗതാതതം തടസപ്പെട്ടിരുന്നു.
നീരൊഴുക്ക് കൂടി
മഴ ശക്തമായതോടെ നദികളിൽ നീരൊഴുക്കും കൂടി. അണക്കെട്ടുകളിൽ ജലനിരപ്പിലും നേരിയ ഉയർച്ചയുണ്ടായി. തുലാവർഷവും വേനൽമഴയും കുറഞ്ഞതിനാൽ ഇടുക്കി ഉൾപ്പെടെയുള്ള അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നിരുന്നു. ഇന്നലെ ജില്ലയിൽ ശരാശരി 10.32 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. പീരുമേട്ടിലാണ് കൂടുതൽ മഴ ലഭിച്ചത്-30 മില്ലിമീറ്റർ. ഉടുന്പൻചോലയിൽ ഇന്നലെ മഴക്കണക്ക് രേഖപ്പെടുത്തിയില്ല. തൊടുപുഴ-7.4, ഇടുക്കി-9.8, ദേവികുളം-4.4 മില്ലിമീറ്റർ എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിൽ രേഖപ്പെടുത്തിയ മഴയുടെ കണക്ക്.