ചലച്ചിതമേളയ്ക്ക് കുമളിയിൽ തുടക്കമായി
1300850
Wednesday, June 7, 2023 10:53 PM IST
കുമളി: ഗ്രീൻ പനോരമ പരിസ്ഥിതി ചലച്ചിതമേളയ്ക്ക് കുമളിയിൽ തുടക്കമായി. മൂന്നു ദിവസം തേക്കടി ബാബു ഗ്രോവിലാണ് മേള. പെരിയാർ ടൈഗർ റിസർവ്വും പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനും ചൈതന്യ ഫിലിം സൊസൈറ്റിയും സംയുക്തമായിട്ടാണ് ചലച്ചിത്രമേള സംഘടിപ്പിച്ചിരിക്കുന്നത്.
2014 ലെ മികച്ച പരിസ്ഥിതി ചിത്രത്തിനും മികച്ച അവലംബിത തിരക്കഥയ്ക്കുമുള്ള ദേശീയ പുരസ്്കാരം നേടിയ ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ എന്ന മലയാളം ചിത്രത്തോടെ ഗ്രീൻ പനോരമ ചലച്ചിത്രമേളയ്ക്ക് തിരശീല ഉയർന്നു. തുടർന്ന് പരിസ്ഥിതി മുഖ്യ പ്രമേയമായ സിനിമകളും ഡോക്യുമെന്ററികളും, ഹ്രസ്വചിത്രങ്ങളും അവതരിപ്പിച്ചു. ഓരോ ചിത്രങ്ങൾക്കുശേഷം അതിന്റെ വിലയിരുത്തലും, ചർച്ചകളും നടത്തും.
പരിസ്ഥിതിയെ സംരക്ഷിച്ചും മനുഷ്യന്റെ പ്രകൃതിയുടെ മേലുള്ള കടന്നുകയറ്റത്തെ നിയന്ത്രിച്ച് കൊണ്ടല്ലാതെ മുമ്പോട്ടു പോവുക അസാധ്യമാണെന്ന ഓർമപ്പെടുത്തലും താക്കീതും നൽകുക എന്ന ഉദ്ദേശമാണ് ചലച്ചിത്രമേളയുടേതെന്നു സംഘാടകർ പറഞ്ഞു.
വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഒാഫീസർ എൻ.കെ. അജയഘോഷ് അധ്യക്ഷത വഹിച്ച യോഗം പി.ടി.ആർ. അസി: ഫീൽഡ് ഡയറക്ടർ സുഹൈബ്, പി.ജെ. ഉദ്ഘാടനം ചെയ്തു. കട്ടപ്പന ദർശന ഫിലിം സൊസൈറ്റി പ്രസിഡന്റ് ഇ.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ചൈതന്യ ഫിലിം സൊസൈറ്റി എക്സിക്യുട്ടീവ് അംഗം എം.എ. അഗസ്റ്റ്യൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. വാസു, ഫിലിം സൊസൈറ്റി പ്രസിഡന്റ് ബ്രസ്ലി ജോസ്, സെക്രട്ടറി ടി. ചന്ദ്രൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. ഫ്രഞ്ച് സിനിമയായ ബെല്ലേ ആൻഡ് സെബാസ്റ്റ്യൻ, ദ എലിഫന്റ് വിസ്പേഴ്സ് എന്ന ഡോക്യുമെന്ററികളും പ്രദർശിപ്പിക്കും.