ഇരുമ്പുപൈപ്പ് കയറ്റിയതിന് ഇരുപതിനായിരം രൂപ പിഴ
1300625
Tuesday, June 6, 2023 11:39 PM IST
നെടുങ്കണ്ടം: ഇരുമ്പു പൈപ്പ് കയറ്റിയതിന് പെട്ടി ഓട്ടോറിക്ഷയ്ക്ക് ഇരുപതിനായിരം രൂപ പിഴ ചുമത്തി മോട്ടോര് വാഹന വകുപ്പ്. നെടുങ്കണ്ടത്താണ് സംഭവം.
കഴിഞ്ഞ ദിവസമാണ് നെടുങ്കണ്ടം സ്വദേശിയായ ബിജോമോന് പിഴ ചുമത്തിയത്. ഇയാളുടെ പെട്ടി ഓട്ടോയില് ഇരുമ്പു പൈപ്പുകള് കയറ്റിയപ്പോള് വാഹനത്തിന് മുകളിലേക്ക് പൈപ്പുകള് ഉയര്ന്ന് നിന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ഭീമമായ പിഴ ചുമത്തിയത്.
ഇതിനെതിരേ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഹൈറേഞ്ചിലെ ഉള്നാടന് പ്രദേശങ്ങളിലേക്ക് വലിയ ലോറികളിലും മറ്റും ചരക്കുനീക്കം സാധ്യമല്ലെന്നിരിക്കെയാണ് ചെറുകിട ഗുഡ്സ് വാഹനങ്ങള്ക്കെതിരേ വന്തുക പിഴ ഈടാക്കാന് ആരംഭിച്ചിരിക്കുന്നത്. മോട്ടോര് വാഹന വകുപ്പിന്റെ നടപടിയില് പ്രതിഷേധിച്ച് നിര്മാണ സാമഗ്രികള് കൊണ്ടുപോകുന്നതു വേണ്ടെന്നു വച്ചിരിക്കുകയാണ് നെടുങ്കണ്ടത്തെ ഡ്രൈവര്മാര്.
കനത്ത പിഴ ഈടാക്കിയാല് മാസം മുഴുവന് ഓടിയാലും പിഴ തുക അടയ്ക്കാന് പോലുമുള്ള പണം ഇവര്ക്ക് ലഭിക്കില്ല.
ഇത്തരത്തിൽ പിഴ ഈടാക്കിയാല് ഗ്രാമീണ മേഖലയിലെ ചരക്കുനീക്കം പൂര്ണമായും നിലയ്ക്കും. കാര്ഷികോത്പന്നങ്ങളുടെ ചെറുകിട ചരക്ക് നീക്കത്തിനായി ആളുകള് യാത്രാ ഓട്ടോ റിക്ഷകളെയും സ്വകാര്യ വാഹനങ്ങളെയും ആശ്രയിക്കുന്നതിനാല് തങ്ങള്ക്ക് മറ്റ് ഓട്ടങ്ങള് ലഭിക്കുന്നത് കുറവാണെന്നും ഗുഡ്സ് വാഹന ഡ്രൈവര്മാര് പറയുന്നു.
അതേ സമയം, നിയമ പ്രകാരമുള്ള പിഴയാണ് ഈടാക്കിയതെന്നാണ് മോട്ടോര് വാഹന വകുപ്പിന്റെ വിശദീകരണം. അനുവദനീയമായ രീതിയിലല്ല ചരക്ക് കയറ്റിയതെന്നു മോട്ടോര് വാഹന വകുപ്പ് പറയുന്നു. മോട്ടോര് വാഹന നിയമപ്രകാരം അനുവദനീയമായ രീതിയിലല്ല പൈപ്പുകള് കൊണ്ടുപോയത്. ഇത് മറ്റു വാഹനങ്ങള് അപകടത്തില്പ്പെടാന് കാരണമാകുമെന്നതിനാലാണ് പിഴ ഈടാക്കിയതെന്ന് വകുപ്പ് വിശദീകരിച്ചു.