500 ഇല്ലിത്തൈകൾ നട്ട് കുഞ്ഞു പരിസ്ഥിതി പ്രവർത്തക
1300112
Sunday, June 4, 2023 11:11 PM IST
നെടുങ്കണ്ടം: പരിസ്ഥിതി ദിനം. എല്ലാവരും മത്സസരിച്ച് മരത്തൈകൾ നടുന്ന ദിവസം. നടുന്ന തൈകൾ സംരക്ഷിക്കാൻ ആരും തയാറാകുന്നില്ല. എന്നാൽ, മൂന്നു വയസു മുതൽ താൻ നട്ട 600ഓളം തൈകൾ പരിപാലിക്കുന്ന ഒരു കൊച്ചു മിടുക്കിയുണ്ട് നെടുങ്കണ്ടത്ത്. നെടുങ്കണ്ടം സ്വദേശി അനിൽകുമാറിന്റെ മകൾ ആദിശ്രീയാണ് പരിസ്ഥിതി സ്നേഹത്തിന്റെ പുതിയ മുഖം സമൂഹത്തിനു നൽകുന്നത്.
ഇത്തവണ കല്ലാർ പുഴയോരം ഇല്ലിക്കൂട്ടങ്ങൾകൊണ്ട് സമ്പന്നമാക്കാൻ ഒരുങ്ങുകയാണ് ആദിശ്രീ. പരിസ്ഥിതിദിനത്തോടനുബന്ധിച്ചു 500 ഇല്ലിത്തൈകളാണ് ഈ എട്ടു വയസുകാരി നട്ടുപരിപാലിക്കുന്നത്.
മൂന്നാം പിറന്നാൾ ദിനത്തിലാണ് ആദിശ്രീ അച്ഛൻ അനിൽകുമാറുമൊത്ത് പൊതുസ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നട്ടു പരിപാലിക്കാൻ ആരംഭിച്ചത്. ആദിശ്രീ പഠിക്കുന്ന പച്ചടി എസ് എൻ എൽ പി സ്കൂൾ പരിസരത്തും നെടുങ്കണ്ടത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പരിസരത്തും ഈ കൊച്ചു മിടുക്കി നട്ട മരങ്ങളുണ്ട്. ഈ പരിസ്ഥിതിദിനത്തോടനുബന്ധിച്ച അച്ഛനൊപ്പം ചേർന്ന് 500 ഇല്ലിത്തൈകളാണ് കല്ലാർ പുഴയുടെ തീരത്ത് ആദിശ്രീ നടുന്നത്. വിവിധ സ്ഥലങ്ങളിൽ താൻ നട്ട വൃക്ഷത്തൈകൾ സമയം കിട്ടുമ്പോഴെല്ലാം ആദിശ്രീ പരിപാലിക്കും. പ്രകൃതിസ്നേഹത്തിന്റെ വലിയ സന്ദേശമാണ് ഈ കൊച്ചുമിടുക്കി സമൂഹത്തിനു നൽകുന്നത്.