ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
1299270
Thursday, June 1, 2023 10:44 PM IST
തൊടുപുഴ: ശക്തമായ ഇടിമിന്നലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാറമടത്തൊഴിലാളി മരിച്ചു. പൂപ്പാറ ചേരിയാർ സ്വദേശി വേൽമുരുകൻ (രാജ-41) ആണ് മരിച്ചത്. ചെവിയിൽ ഹെഡ്ഫോണ് വച്ച് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് രാജയ്ക്ക് ഇടിമിന്നലേറ്റത്. സ്റ്റൂളിൽ ഇരിക്കുകയായിരുന്ന ഇയാൾ നിലത്തേക്ക് തെറിച്ചുവീണു. തുടർന്ന് ഹൃദയാഘാതവും സംഭവിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.
കച്ചിറപ്പാറയിൽ അടുത്തിടെ പ്രവർത്തനം തുടങ്ങിയ പെരുന്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാർ ഗ്രാനൈറ്റ്സ് എന്ന പാറമടയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. ഉച്ചകഴിഞ്ഞ് ശക്തമായ മഴ പെയ്തതോടെ സമീപത്തെ താത്കാലിക ഷെഡിൽ രാജ ഉൾപ്പെടെ 11 തൊഴിലാളികൾ കയറിയിരുന്നു. ഷെഡിനുള്ളിൽ തറയിലും സ്റ്റൂളിലുമായി തൊഴിലാളികൾ ഇരിക്കുന്നതിനിടെയാണ് മിന്നലേറ്റത്. അപകടസമയം ഷെഡിലുണ്ടായിരുന്ന ഉണ്ടായിരുന്ന ലോറി ഡ്രൈവറായ ആലക്കോട് സ്വദേശി ജോബിൻ ജോസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇടിമിന്നലേറ്റതിനെത്തുടർന്ന് ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായ മറയൂർ സ്വദേശി മഥനരാജ് (22), നെഞ്ചിലും മുതുകിലും പൊള്ളലേറ്റ മൂന്നാർ കള്ളിപ്പാറ സ്വദേശി പ്രകാശ് (18) എന്നിവർ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. മുൻ പഞ്ചായത്തംഗമായ ചിന്നമ്മയുടെയും ജോസഫിന്റെയും മകനാണ് രാജ.
മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യയും ആറും രണ്ടും വയസുള്ള രണ്ടു മക്കളുമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഇയാളുടെ സഹോദരൻ എതാനും മാസം മുന്പ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചിരുന്നു.