കെഎസ്ആർടിസി ബസിൽ യുവതിയെ ശല്യംചെയ്ത പ്രതി പിടിയിൽ
1299265
Thursday, June 1, 2023 10:44 PM IST
തൊടുപുഴ: കെഎസ്ആർടിസി ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ആൾ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി ചേനപ്പറന്പിൽ മുസമ്മിൽ (36) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. തൊടുപുഴ സ്വദേശിനിയായ ഇൻഫോപാർക്ക് ജീവനക്കാരിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്.
എറണാകുളം-തൊടുപുഴ റൂട്ടിലോടുന്ന ബസിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. കരിങ്ങാച്ചിറയിൽനിന്നാണ് 24കാരിയായ യുവതി ബസിൽ കയറിയത്. ബസിന്റെ ഇടതുവശത്ത് ഡോറിനോടു ചേർന്നുള്ള സീറ്റിലാണ് യുവതി ഇരുന്നിരുന്നത്. മറ്റൊരു യാത്രക്കാരിയും ഇതേ സീറ്റിലുണ്ടായിരുന്നു. ബസ് മൂവാറ്റുപുഴയിലെത്തിയപ്പോൾ ഇവർ മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു.
ഈ സമയം ബസിലുണ്ടായിരുന്ന മുസമ്മിൽ ഈ സീറ്റിൽ വന്നിരുന്നു. പിന്നീട് ഇയാൾ യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. ശല്യം വർധിച്ചതോടെ യുവതി എഴുന്നേറ്റ് ഡ്രൈവറുടെ സീറ്റിനു പിന്നിലായി ഇരുന്നു. ഇതോടെ മുസമ്മിലും ഈ സീറ്റിനു പിന്നിലെ സീറ്റിൽ ഇരുന്ന് വീണ്ടും ശല്യം ചെയ്യാൻ തുടങ്ങി. ഇതോടെ സംഭവം ശ്രദ്ധയിൽപ്പെട്ട ബസ് ജീവനക്കാർ ഇയാളെ ചോദ്യം ചെയ്തു.
എന്നാൽ, ഇവരോട് തർക്കിച്ച മുസമ്മിൽ വാഹനത്തിൽനിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ യാത്രക്കാർ പ്രതിയെ തടഞ്ഞുവച്ചു. പിന്നീട് ബസ് തൊടുപുഴ സ്റ്റേഷനിലെത്തിച്ച് പ്രതിയെ പോലീസിനു കൈമാറുകയായിരുന്നു. തൊടുപുഴയ്ക്കു സമീപം മടക്കത്താനം വരെ ഇയാൾ യുവതിയെ ശല്യം ചെയ്തു. ഇത്തരത്തിൽ ബസിൽ യാത്ര ചെയ്ത് സ്ത്രീകളെ ശല്യം ചെയ്യുന്നയാളാണ് പ്രതിയെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
തൃശൂരിനു പോകുന്നുവെന്ന് പറഞ്ഞാണ് ഇയാൾ വീട്ടിൽനിന്നു ഇറങ്ങിയതെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ഭാര്യയും മക്കളുമുള്ളയാളാണ് പ്രതി. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ അടിപിടിക്കേസുണ്ട്.
പ്രതിയെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി.