കാഞ്ചിയാർ കൊലപാതകം: പ്രതിയുമായി പോലീസ് തെളിവെടുപ്പ് തുടങ്ങി
1281855
Tuesday, March 28, 2023 10:53 PM IST
കട്ടപ്പന: ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിൽ പ്രതി കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷു (29) മായി പോലീസ് തെളിവെടുപ്പു തുടങ്ങി. ഭാര്യ അനുമോളെ (വത്സമ്മ- 27) കൊലപ്പെടുത്തിയ കേസിലാണ് ബിജേഷുമായി തെളിവെടുപ്പു നടത്തുന്നത്.
കന്പത്തെ ഒഴിഞ്ഞ മേഖലയിൽ രണ്ടുദിവസം ഇയാൾ ഒളിവിൽ കഴിഞ്ഞ ലോഡ്ജിൽ എത്തിച്ച് അന്വേഷണസംഘം തെളിവെടുത്തു. തമിഴ്നാട്ടിൽനിന്ന് തിരികെ കുമളിയിൽ എത്തിയശേഷം ഇയാൾ ധരിച്ചിരുന്ന പാന്റും ഷർട്ടും മാറി മുണ്ടും ഷർട്ടും അണിഞ്ഞിരുന്നു. പാന്റും ഷർട്ടും പ്രദേശത്ത് ഉപേക്ഷിക്കുകയും ചെയ്തു. ഇവ വനമേഖലയ്ക്കു സമീപത്തുനിന്ന് തെളിവെടുപ്പിനിടെ കണ്ടെത്തി.
തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി അനുമോളുടെ ഫോണിൽനിന്ന് ഊരിയെടുത്ത് ഉപേക്ഷിച്ച സിം കാർഡ് കാഞ്ചിയാർ മേഖലയിൽനിന്നു കണ്ടെത്തി. തെളിവെടുപ്പ് വരുംദിവസങ്ങളിലും തുടരും.
കഴിഞ്ഞ 21നു വൈകുന്നേരമാണ് അനുമോളെ കൊല്ലപ്പെട്ട നിലയിൽ അനുമോളുടെ ബന്ധുക്കൾ കണ്ടെത്തിയത്. യുവതിയെ കാണാനില്ലെന്ന പരാതി നിലനിൽക്കെയാണ് സ്വന്തം വീടിനുള്ളിൽ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ യുവതിയുടെ മൃതദേഹം ലഭിച്ചത്.
17നു രാത്രി ഒന്പതരയോടെയാണ് അനുമോളെ മദ്യലഹരിയിലായിരുന്ന ബിജേഷ് കൊലപ്പെടുത്തിയത്. വീടിനുള്ളിലെ ഹാളിൽ കസേരയിലിരിക്കുകയായിരുന്ന അനുമോളെ ബിജേഷ് പിന്നിൽനിന്നു ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ അനുമോളുടെ കൈഞരന്പ് പ്രതി ബ്ലേഡ് ഉപയോഗിച്ച് മുറിപ്പെടുത്തി. ഇതിനുശേഷം ബിജേഷ് ആത്മഹത്യക്കു ശ്രമിച്ചെങ്കിലും പിന്മാറി.
സ്കൂളിൽ പോയി തിരികെ വീട്ടിലെത്തിയ അനുമോളും അവിടെയുണ്ടായിരുന്ന ബിജേഷും തമ്മിൽ പണത്തെച്ചൊല്ലി തർക്കമുണ്ടായി. ഇവരുടെ അഞ്ചു വയസുകാരി മകൾ ഉറങ്ങിയശേഷമായിരുന്നു വഴക്കുണ്ടായത്.
കാഞ്ചിയാർ പള്ളിക്കവലയിലെ ജ്യോതിസ് നഴ്സറി സ്കൂളിൽ അധ്യാപികയായിരുന്ന അനുമോൾ സ്കൂൾ കുട്ടികളുടെ ഫീസ് കൈവശം സൂക്ഷിച്ചിരുന്നു. ഈ പണം അനുമോളുടെ പക്കൽനിന്ന് ബിജേഷ് കടമായി വാങ്ങി. പറഞ്ഞ സമയത്ത് ബിജേഷ് തുക തിരികെ നൽകിയില്ല. ഇതിന്റെ പേരിലായിരുന്നു തർക്കം.
മദ്യപിച്ചെത്തി സ്ഥിരമായി ബിജേഷ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി അനുമോൾ വനിതാസെല്ലിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യവും കൊലപാതകത്തിനു കാരണമായതായി പോലീസ് പറയുന്നു.
അനുമോളുടെ ശരീരത്തിൽ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ ലബ്ബക്കടയിലെ ധനകാര്യസ്ഥാപനത്തിൽ പണയംവച്ച് കിട്ടിയ 11,000 രൂപയുമായാണ് പ്രതി അഞ്ചുദിവസം തമിഴ്നാട്ടിലെ പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞത്. ഞായറാഴ്ച പുലർച്ചെ ഇയാൾ തിരികെ കുമളിയിലെത്തുകയും പോലീസ് പിടിയിലാകുകയുമായിരുന്നു.
പീരുമേട് പാന്പനാർ പാന്പാക്കട പി.വി. ജോണിന്റെയും ഫിലോമിനയുടെയും മകളാണ് കൊല്ലപ്പെട്ട അനുമോൾ. സഹോദരൻ: അലക്സ്.
രണ്ടുവർഷം മുന്പ് ബിജേഷും ഭാര്യയും മകളുമായി കുടുംബവീട്ടിൽനിന്നു മാറിയായിരുന്നു താമസം.