വിതരണത്തിന് എത്തിച്ച പോത്തിൻകിടാക്കളെ തിരിച്ചയച്ചു
1281590
Monday, March 27, 2023 11:39 PM IST
ഉപ്പുതറ: വ്യവസ്ഥകൾ പാലിക്കാതെ വിതരണത്തിന് എത്തിച്ച പോത്തിൻകിടാക്കളെ കർഷകരുടെ എതിർപ്പിനെത്തുടർന്ന് തിരിച്ചയച്ചു. 16,000 രൂപ വില വരുന്ന പോത്തിൻ കിടാക്കളെ 64 കർഷകർക്ക് വിതരണം ചെയ്യാൻ 10,20,000 രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്. ഇതിന്റെ ഗുണഭോക്താക്കളായി 21 പട്ടികജാതി കർഷകരെയും ജനറൽ വിഭാഗത്തിൽ 43 കർഷകരെയും തെരഞ്ഞെടുത്തിരുന്നു.
ജനറൽ വിഭാഗത്തിലുള്ളവർ 50 ശതമാനവും പട്ടികജാതി വിഭാഗക്കാർ 25 ശതമാനവും ഗുണഭോക്തൃവിഹിതം അടയ്ക്കണം. 100 മുതൽ 120 കിലോ വരെ തൂക്കമുള്ള പോത്തിൻകിടാക്കളെ എത്തിക്കാനായിരുന്നു ഉടമ്പടി.
എന്നാൽ, ബുധനാഴ്ച കൊണ്ടുവന്ന 31 പോത്തിൻകിടാക്കളിൽ ഒരെണ്ണം പോലും വ്യവസ്ഥ അനുസരിച്ചുള്ളവ ആയിരുന്നില്ല. ഏറ്റവും വലിയ പോത്തിൻകിടാവിന്റെ തൂക്കം 88 കിലോ മാത്രമായിരുന്നു. മതിയായ ആരോഗ്യവും ഇല്ലെന്ന് മനസിലാക്കി കർഷകർ ഇവകളെ ഏറ്റുവാങ്ങാൻ തയാറാകാതെ വന്നതോടെ പോത്തിൻകുട്ടികളെ ഫാമിലേക്കു തിരിച്ചയച്ച് അധികൃതർ തടിയൂരി.