കട്ടപ്പനയിൽ അജ്ഞാതജീവി ഭീതി പരത്തുന്നു
1281279
Sunday, March 26, 2023 10:14 PM IST
കട്ടപ്പന: കട്ടപ്പനയിൽ രണ്ടിടങ്ങളിലായി വളർത്തുപക്ഷികൾക്കു നേരെ വന്യജീവി ആക്രമണം. പേഴുംകവലയിൽ കോഴിഫാമിലെ മുഴുവൻ കോഴികളെയും അജ്ഞാതമൃഗം ഭക്ഷിച്ചു. സുവർണഗിരിയിലും കൂട്ടിൽ കിടന്നിരുന്ന കോഴികളെ വന്യജീവി കൊന്നുതിന്നു.
ഏതാനും ദിവസമായി കട്ടപ്പനയിലും പരിസരത്തുമായി അജ്ഞാതജീവിയുടെ സാന്നിധ്യമുള്ളതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. മൃഗത്തെ നേരിൽ കണ്ട വെള്ളയാംകുടി സ്വദേശിയുടെ മൊഴിപ്രകാരം വലിപ്പമുള്ള കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്നാണു വനപാലകർ പറയുന്നത്.
ബുധനാഴ്ച കിരൺ എന്നയാളുടെ വെട്ടിക്കുഴക്കവലയിലെ ഫാമിൽനിന്നു നൂറോളം കോഴിക്കുഞ്ഞുങ്ങളെ കാണാതായിരുന്നു. ഇരുപതിൽപ്പരം കോഴികളുടെ പാതി ഭക്ഷിച്ച ജഡം പരിസരപ്രദേശങ്ങളില്നിന്നു കണ്ടെത്തി. ഇതിനു പിന്നാലെ ശനിയാഴ്ച പകലും കോഴിഫാമിൽ വന്യജീവി ആക്രമണമുണ്ടായി. ബാക്കി ഉണ്ടായിരുന്ന 80ഓളം കോഴിക്കുഞ്ഞുങ്ങളെയും കാണാതായി. കോഴിക്കൂടിനു സമീപത്തായി കാൽപ്പാടുകൾ ഉണ്ടെങ്കിലും വ്യക്തമല്ല.
സുവർണഗിരി കൂറുമുള്ളംതടത്തിൽ ജോയിയുടെ വീട്ടിൽ വളർത്തിയിരുന്ന അഞ്ചു കോഴികളെ വന്യജീവി ആക്രമിച്ചു. കഴിഞ്ഞ രാത്രിയിലാണ് സംഭവം. മൂന്നെണ്ണത്തിന്റെ ജഡം കൂടിനുള്ളിൽതന്നെ കണ്ടെത്തി. രണ്ടു കോഴികളുടെ അവശിഷ്ടങ്ങളും പരിസരത്തുനിന്നു കണ്ടെത്തി.
കൂടിനോടു ചേർന്ന് നനവുള്ള പ്രതലത്തിൽ ആറു സെന്റിമീറ്ററോളം വലിപ്പമുള്ള കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഏതു ജീവിയുടേതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. കൂട്ടിൽ കോഴികൾ ബാക്കിയുള്ളതിനാൽ വന്യമൃഗം ഇനിയുമെത്താനുള്ള സാധ്യത കണക്കിലെടുത്ത് കാമറ സ്ഥാപിക്കുമെന്ന് വനപാലകർ പറഞ്ഞു.