മുക്കുപണ്ടം തട്ടിപ്പുകേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീണ്ടും പിടിയിൽ
1280855
Saturday, March 25, 2023 10:39 PM IST
തൊടുപുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയപ്പോൾ വീണ്ടും സമാനകേസിൽ പിടിയിലായി. ഇടവെട്ടി കോയിക്കൽ റെജിമോനാണ് (46) തൊടുപുഴ പോലീസിന്റെ പിടിയിലായത്.
മങ്ങാട്ടുകവലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്നു മുക്കുപണ്ടം പണയംവച്ച് 4,71,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. തൊടുപുഴയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ കഴിഞ്ഞ സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ പലതവണകളായി വളയും ബ്രേസ്ലെറ്റുമടക്കമുള്ള ആഭരണങ്ങൾ പണയംവച്ച് 7,69,000 രൂപ തട്ടിയെടുത്ത കേസിൽ ഇയാളെ ഈ മാസം അഞ്ചിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പലിശയടയ്ക്കുകയോ ആഭരണങ്ങൾ തിരികെയെടുക്കുകയോ ചെയ്യാത്തതിനെത്തുടർന്ന് സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പു മനസിലായത്. തുടർന്ന് ഇവർ തൊടുപുഴ പോലീസിൽ പരാതി നൽകുകയും പ്രതി പിടിയിലാകുകയുമായിരുന്നു.
ഇയാൾ അറസ്റ്റിലായ വാർത്തയും ചിത്രവും കണ്ട മങ്ങാട്ടുകവലയിലെ ധനകാര്യ സ്ഥാപന ഉടമകൾ 2020 ഓഗസ്റ്റ് മുതൽ 2021 മാർച്ച് വരെ അഞ്ചു തവണയായി ഇയാൾ പണയം വച്ചിരുന്ന ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്നു വ്യക്തമായത്. ഇതോടെ പോലീസിൽ ഇവർ പരാതി നൽകുകയായിരുന്നു. ഇന്നലെ തൊടുപുഴ നഗരത്തിൽനിന്നു എസ്ഐ ജി. അജയകുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.