അരിക്കൊമ്പൻ വിഷയത്തിൽ വ്യാപക പ്രതിഷേധം
1280531
Friday, March 24, 2023 10:37 PM IST
രാജകുമാരി: അരിക്കൊമ്പനെ പിടികൂടുന്നത് 29 വരെ തടഞ്ഞ ഹൈക്കോടതി വിധിക്കെതിരേ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധപ്രകടനങ്ങളും യോഗവും ചേർന്നു. പൂപ്പാറ, ചിന്നക്കനാൽ, സിങ്കുകണ്ടം, തോണ്ടിമല എന്നിവിടങ്ങളിലാണ് ജനങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധപരിപാടികൾ നടന്നത്.
പൂപ്പാറയിൽ എം.എം. മണി എംഎൽഎ പങ്കെടുത്തു. തോട്ടംതൊഴിലാളികളടക്കം നൂറുകണക്കിനു ആളുകളാണ് വിവിധ സ്ഥലങ്ങളിലെ പരിപാടികളിൽ പങ്കെടുത്തത്.
ചിന്നക്കനാലിൽ
സർവകക്ഷി യോഗം ചേർന്നു
രാജകുമാരി: അരിക്കൊമ്പന് ദൗത്യത്തിനെതിരെയുള്ള കോടതി ഉത്തരവിനെതിരേ ഇടുക്കിയില്‍ പ്രതിഷേധം ശക്തമാകുന്നു. നിയമനടപടികളില്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകള്‍ കോടതിയിൽ കക്ഷിചേരും.
കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ചിന്നക്കനാലില്‍ സര്‍വകക്ഷി യോഗം ചേർന്നു. വിവിധ മേഖലകളില്‍ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കാനും ഹര്‍ത്താല്‍ അടക്കമുള്ള സമരപരിപാടികൾ നടത്താനും യോഗം തീരുമാനിച്ചു.
കപട മൃഗസ്നേഹികളാണ് ഹര്‍ജി നല്‍കിയതെന്നും മേഖലയിലെ സാഹചര്യം പരിസ്ഥിതിവാദികള്‍ കാണുന്നില്ലെന്നും യോഗം ആരോപിച്ചു.
വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് കടക്കുന്നത് തടയാന്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സ്വയം പ്രതിരോധം സൃഷ്ടിക്കുമെന്നു നാട്ടുകാര്‍ അറിയിച്ചു.
അരിക്കൊമ്പന് ദൗത്യം നീണ്ടുപോകുന്ന സാഹചര്യത്തില്‍ വിവിധ മേഖലകളില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും. ഇടുക്കിയില്‍ എത്തിച്ച കുങ്കി ആനകളെ തിരികെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നു നേതാക്കൾ അറിയിച്ചു.
പാലക്കാടും വയനാട്ടിലും പ്രതിഷേധം ഉയര്‍ത്താത്തവര്‍ ഇടുക്കിയില്‍ എത്തിയപ്പോള്‍ കാണിക്കുന്ന കപട മൃഗസ്നേഹത്തിനു പിന്നില്‍ രഹസ്യ അജണ്ട ഉണ്ടെന്നും യോഗം ആരോപിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി മോഹന്‍കുമാറിന്റെ നേതൃത്വത്തിലാണ് ചിന്നക്കനാലിൽ സർവകക്ഷി യോഗം ചേർന്നത്.
ഹൈക്കോടതി ഉത്തരവ്
പുനഃപരിശോധിക്കണം: എംപി
തൊടുപുഴ: ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ ഒട്ടേറെപ്പേരുടെ മരണത്തിനിടയാക്കുകയും വീടുകളും കൃഷിയും നശിപ്പിക്കുകയും ചെയ്യുന്ന അരിക്കൊന്പനെന്ന കാട്ടാനയെ പിടികൂടുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി ദൗർഭാഗ്യകരമാണെന്ന് ഡീൻ കുര്യാക്കോസ് എംപി. സ്റ്റേ പിൻവലിക്കുന്നതിനായി കേസിൽ കക്ഷിചേരുമെന്നും എംപി പറഞ്ഞു.
നിരവധി മനുഷ്യജീവനുകളാണ് കാട്ടാനയുടെ ആക്രമണത്തിൽ ഓരോ വർഷവും പൊലിയുന്നത്. ഈ കാട്ടാനയെ പേടിച്ച് തൊഴിലാളികൾക്ക് വീടിനു പുറത്തിറങ്ങുന്നതിനോ ജോലിക്കു പോകാനോ കഴിയാത്ത അവസ്ഥയാണ്. പരിസ്ഥിതി-മൃഗസംരക്ഷണ സംഘടനയിൽപ്പെട്ട ഒരാൾ കോടതിയെ സമീപിച്ചാണ് വിധി സംഘടിപ്പിച്ചത്. സർക്കാർ ഇക്കാര്യത്തിൽ ഒരു ഭീഷണിക്കു മുന്നിലും മുട്ടു മടക്കരുതെന്നും എംപി പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്വം സർക്കാർ നടപ്പിലാക്കണം. ഇക്കാര്യത്തിൽ കോടതിയുടെ ഭാഗത്തുനിന്ന് നീതിപൂർവമായ ഇടപെടൽ ഉണ്ടാകണമെന്നും ഉത്തരവ് പുനഃപരിശോധിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
മനുഷ്യസ്നേഹമില്ലാത്ത
പരിസ്ഥിതിവാദികള്‍
രാജ്യദ്രോഹികള്‍: എം.എം. മണി
രാജകുമാരി: മനുഷ്യനെ കാട്ടുമൃഗങ്ങള്‍ കൊന്നൊടുക്കുമ്പോള്‍ പരിസ്ഥിതി പ്രേമം കാണിക്കുന്ന പരിസ്ഥിതിവാദികള്‍ രാജ്യദ്രോഹികളും ജനദ്രോഹികളുമാണെന്ന് എം.എം. മണി എംഎല്‍എ. ഇത്തരക്കാര്‍ക്കെതിരേ ജനങ്ങള്‍ അണിചേരണമെന്നും എം.എം. മണി പൂപ്പാറയില്‍ ആവശ്യപ്പെട്ടു. അരിക്കൊമ്പൻ ദൗത്യത്തിനെതിരേ കോടതിയെ സമീപിച്ച പരിസ്ഥി സംഘടനയ്ക്കെതിരേ സര്‍വകക്ഷികളുടെ നേതൃത്വത്തില്‍ പൂപ്പാറയില്‍ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി അടക്കമുള്ളവ എല്ലാവര്ക്കും വേണം. ഇടുക്കിക്കാര് ജീവനുവേണ്ടി മല്ലടിക്കുമ്പോള്‍ മുഖംതിരിക്കുന്ന നടപടിയാണ് ഇത്തരം കപട പരിസ്ഥിതിവാദികള്ക്കുള്ളത്. അരിക്കൊമ്പനെ മാറ്റുക എന്നത് ഇവിടത്തെ ജനങ്ങളുടെ നിലനില്പിന്റെ പ്രശ്നമാണ്. ഇതില്‍ കോടതി അനുകൂല നിലപാട് എടുക്കുമെന്നു കരുതുന്നതായും എം.എം. മണി പറഞ്ഞു.
പ്രതിഷേധ പരിപാടിയില്‍ ലിജു വര്‍ഗീസ്, സി.യു. ജോയി, എസ്. വനരാജ്, കെ.സി. ആലീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വിധി സങ്കടകരം:
കിസാൻ സഭ
തൊടുപുഴ: അരിക്കൊന്പൻ വിഷയത്തിൽ കോടതി ഇടപെടൽ സങ്കടകരവും ജനങ്ങൾക്ക് ദ്രോഹകരമാണെന്നും അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ്.
നിരവധിയാളുകളുടെ ജീവനെടുത്ത അരിക്കൊന്പൻ എന്ന കാട്ടാനയെ ഭാവിയിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ സംരക്ഷിക്കാനായി വനംവകുപ്പ് കൂട്ടിലാക്കാൻ നടത്തിയ ശ്രമങ്ങൾ തടഞ്ഞത് വസ്തുതകൾ വേണ്ടതുപോലെ മനസിലാക്കാതെയാണ്.
വന്യമൃഗാക്രമണങ്ങളിൽനിന്നു ജനങ്ങളെ സംരക്ഷിക്കാനുള്ള നടപടികൾ കോടതി ഇടപെട്ട് ഉറപ്പാക്കണമെന്നും മാത്യു വർഗീസ് ആവശ്യപ്പെട്ടു.