മേലഴുത റോഡ് സഞ്ചാരയോഗ്യമാക്കണം: മനുഷ്യാവകാശ കമ്മീഷൻ
1279684
Tuesday, March 21, 2023 10:41 PM IST
തൊടുപുഴ: പീരുമേട്-മേലഴുത റോഡിന്റെ നവീകരണത്തിനും പീരുമേട് ടൗണ്‍-സിവിൽ സ്റ്റേഷൻ റോഡ് ഗതാഗതയോഗ്യമാക്കുന്നതിനും ആവശ്യമായ ഫണ്ടുകൾ വകയിരുത്തി തുടർനടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പീരുമേട് പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശം നൽകിയത്.
റോഡ് 10,50,000 രൂപ വകയിരുത്തി 150.9 മീറ്റർ നീളത്തിൽ കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ടെന്നും 102.80 മീറ്റർ നീളത്തിൽ ഐറിഷ് ഓട നിർമിച്ചിട്ടുണ്ടെന്നും പീരുമേട് പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2022-23 വർഷത്തെ വാർഷികപദ്ധതിയിൽ അന്പലംകുന്ന്-മേലഴുത റോഡ് നവീകരണത്തിന്റെ ഭാഗമായി കലുങ്ക് നിർമിക്കാൻ എട്ടു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ റോഡ് വീതികൂട്ടി പാർശ്വഭിത്തി നിർമിക്കാൻ ജില്ലാ പഞ്ചായത്ത് 30 ലക്ഷം വകയിരുത്തിയിട്ടുണ്ട്. പീരുമേട് ടൗണ്‍ സിവിൽ സ്റ്റേഷൻ റോഡ് ഗതാഗതയോഗ്യമാക്കാൻ 2023-24 സാന്പത്തിക വർഷം തുക അനുവദിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പീരുമേട്-മേലഴുത റോഡ് കോണ്‍ക്രീറ്റ് ചെയ്തെങ്കിലും സഞ്ചാരയോഗ്യമല്ലെന്ന് പരാതിക്കാരനായ ഗിന്നസ് മാടസാമി കമ്മീഷനെ അറിയിച്ചു.